പുസ്തകങ്ങളിലൂടെ വിദ്യാഭ്യാസ മുന്നേറ്റം; എസ്.സി-എസ്.ടി മേഖലകളില്‍ ‘അക്ഷരോന്നതി’
text_fieldsകാസർകോട്: ജില്ലയിലെ പട്ടികജാതി -വര്‍ഗ വിഭാഗങ്ങളില്‍ വായനയെ ജീവിതശൈലിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ‘അക്ഷരോന്നതി’ പദ്ധതി നടപ്പാക്കുന്നു.
പട്ടികജാതി-വര്‍ഗ വിഭാഗത്തിൽപെടുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഉന്നതികളിലും പഠനമുറികളിലും ഹോസ്റ്റലുകളിലും വായനസൗകര്യങ്ങളുടെയും നിലവാരമുള്ള പുസ്തകങ്ങളുടെയും ലഭ്യതക്കുറവ് പരിഹരിക്കുക, വായനശീലം വളര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. കുട്ടികള്‍ക്ക് പ്രായാനുസൃതവും നിലവാരമുള്ളതുമായ പുസ്തകങ്ങള്‍ ലഭ്യമാക്കുക, സമൂഹത്തില്‍ പുസ്തകദാനം പ്രോത്സാഹിപ്പിക്കുക, പ്രാദേശികതലത്തില്‍ വായനസൗകര്യങ്ങള് ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, പ്രാദേശികതല കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെ പുസ്തകങ്ങള്‍ ശേഖരിച്ച് നിലവാരം ഉറപ്പാക്കിയശേഷം എസ്.സി -എസ്.ടി ഉന്നതികളിലെ ലൈബ്രറികള്‍, സാമൂഹിക പഠനമുറികള്‍, ഹോസ്റ്റലുകള്‍, പകല്‍വീടുകള്‍, സ്കൂളുകള്‍, പഞ്ചായത്ത്-ബ്ലോക്ക് ലൈബ്രറികള്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യും.
ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വഹിച്ചിരുന്നു. കലക്ടര്‍ ഇമ്പശേഖര്‍ അക്ഷരോന്നതിയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയും ആദ്യപുസ്തകം തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ആർ. ഷൈനിക്ക് നല്കി പുസ്തകശേഖരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു.
കൂട്ടായപ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ വിവിധ ഉന്നതികളിലെ പട്ടികജാതി -വര്‍ഗ വിഭാഗക്കാരില്‍ വായന പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ദൗത്യം. വായനയിലൂടെ അറിവ് സമ്പാദനത്തിനും സാമൂഹിക മുന്നേറ്റത്തിനും വഴിയൊരുക്കുന്ന ‘അക്ഷരോന്നതി’ ജില്ലയിലെ പട്ടികജാതി -വര്‍ഗ സമൂഹങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

