നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി -മന്ത്രി റിയാസ്
text_fields‘കരുതലും കൈത്താങ്ങും’ കാസര്‍കോട് താലൂക്ക് തല അദാലത്ത് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരുതലും കൈത്താങ്ങും കാസര്‍കോട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്താത്തതിന്റെ പേരില്‍ ഒരു ശതമാനം പോലും നടക്കാതെ പോകരുത് എന്ന കാഴ്ച്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞ ഏഴു വര്‍ഷമായി കേരള സര്‍ക്കാര്‍ ഈ ശ്രമം തുടരുകയാണ്. അതിന്റെ തുടര്‍ച്ച എന്നോണമാണ് ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ താലൂക്കുകളിലും മന്ത്രിമാര്‍ നേരിട്ടെത്തി അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.
അടിയന്തിരമായി പരിഹരിക്കാന്‍ പറ്റുന്നവ അദാലത്ത് നടക്കുമ്പോള്‍തന്നെ പരിഹരിക്കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്. സമയമെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടവ പരിഹരിക്കാന്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രത്യേക ടീം ഉണ്ടാക്കിയിട്ടുണ്ടെന്നും ജില്ലയില്‍ ആ ടീം നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ തുടങ്ങിയവർ സംസാരിച്ചു. എ.ഡി.എം കെ. നവീന്‍ ബാബു സ്വാഗതവും റവന്യു ഡിവിഷണല്‍ ഓഫീസര്‍ അതുല്‍ എസ്. നാഥ് നന്ദിയും പറഞ്ഞു.