
കാസർകോട് ജില്ലയില്‍ മുഴുവന്‍ ഗ്രാമീണ വീടുകളിലേക്കും കുടിവെള്ളത്തിന് കര്‍മപദ്ധതി
text_fieldsകാസർകോട്: ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി പൈപ്പുകള്‍ സ്ഥാപിച്ച് ഗ്രാമീണ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള കര്‍മപദ്ധതി ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ 2.10 ലക്ഷം വീടുകളിലേക്കാണ് ജലജീവന്‍ മിഷന് വഴി കുടിവെള്ളമെത്തുക. പഞ്ചായത്ത് തല കര്‍മപദ്ധതി പ്രകാരമാണ് ജലജീവന്‍ മിഷന് വഴി പൈപ്പുകള്‍ സ്ഥാപിച്ച് വീടുകളിലേക്ക് വെള്ളമെത്തിക്കുന്നത്.
ജില്ലയില്‍ ആകെ രണ്ടര ലക്ഷത്തോളം ഗ്രാമീണ വീടുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 40,000 വീടുകളില്‍ നിലവില്‍ വാട്ടര്‍ അതോറിറ്റി, ജലനിധി തുടങ്ങിയ പദ്ധതികള്‍ വഴി കുടിവെള്ളം ലഭ്യമാകുന്നുണ്ട്. 2020ലാണ് ജലജീവന്‍ മിഷന് പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടമായ 2020-21ല്‍ 30 പഞ്ചായത്തുകളിലെ 69,091 വീടുകളിലേക്കുള്ള പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതിലെ ഭൂരിഭാഗം പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. 2021-22ല്‍ 111580 വീടുകളിലേക്കുള്ളതിനും ഭരണാനുമതി ലഭിച്ചു. ഇവ ടെൻഡര്‍ നടപടികളിലേക്ക് കടന്നു. ബാക്കിയുള്ള പദ്ധതികളും ജില്ല കലക്ടര്‍ അധ്യക്ഷയായ ജില്ലതല സമിതി പരിശോധിച്ച് സംസ്ഥാന അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
2024ഓടെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് ജലജീവന്‍ മിഷനിലൂടെ ലക്ഷ്യമിടുന്നതെന്നും ആദ്യഘട്ടത്തില്‍ ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ 18000 വീടുകളിലേക്കുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.സുദീപ് പറഞ്ഞു. ജലജീവന്‍ മിഷന് വഴിയുള്ള കുടിവെള്ള പദ്ധതിക്കായി ടാങ്കുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സ്ഥലം അതത് തദ്ദേശ സ്ഥാപനങ്ങളാണ് ലഭ്യമാക്കുന്നത്.
ജലജീവന്‍ മിഷന് വഴി ഗ്രാമീണ മേഖലയില്‍ ഒരാള്‍ക്ക് ഒരു ദിവസം ഗുണനിലവാരമുള്ള 55 ലിറ്റര്‍ വെള്ളമാണ് ലഭ്യമാക്കുന്നത്. ചിലയിടങ്ങളില്‍ ലഭ്യതക്കനുസരിച്ച് 100 ലിറ്റര്‍ വെള്ളം വരെ പൈപ്പുകളിൽക്കൂടി എത്തിക്കുന്നുണ്ട്. കുഴല്‍ക്കിണറുകളില്‍ ദീര്‍ഘകാലത്തേക്ക് വെള്ളം ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ പുഴവെള്ളം ശുദ്ധീകരിച്ചാണ് പൈപ്പുകള്‍ സ്ഥാപിച്ച് വീടുകളിലേക്കെത്തിക്കുന്നത്. പഞ്ചായത്തുകള്‍ ഉടമസ്ഥരായാണ് പ്രാദേശികമായി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ജല അതോറിറ്റി, ജലനിധി തുടങ്ങിയവ നിര്‍വഹണ ഏജന്‍സികളായും പ്രവര്‍ത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
