ഭിന്നശേഷിക്കാരനായ കുട്ടിയെയും അമ്മയെയും ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ നിർദേശം
text_fieldsകാസർകോട്: രാവണേശ്വരം സ്വദേശിനിയെയും ഭിന്നശേഷിക്കാരനായ മകനെയും സമീപവാസിയായ സ്ത്രീയും മറ്റുചിലരും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിയെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചാൽ തക്കതായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഹോസ്ദുർഗ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ് കമീഷൻ നിർദേശം നൽകിയത്.
സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഉത്തരവിൽ പറഞ്ഞു. രാവണേശ്വരം സെറ്റിൽമെന്റ് സ്കീം സ്വദേശിനി എസ്. ബിന്ദു, സമീപവാസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. 2024 ഒക്ടോബർ 22 നാണ് പരാതിക്കിടയാക്കിയ സംഭവം.
മുൻവിരോധം കാരണം കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പരാതിക്കാരിയുടെ ഭർത്താവിനെ ചീത്ത വിളിക്കുകയും ഭിന്നശേഷിക്കാരനായ കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയും ചെയ്തത്.
പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഇടപെടുന്നത് അനഭിലഷണീയമാണെന്ന് ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

