അപകടമൊഴിയാതെ കണിയാർവയൽ കാഞ്ഞിലേരി റോഡ്
text_fieldsജലനിധി പൈപ്പിടാനെടുത്ത കുഴി
ശ്രീകണ്ഠപുരം: ജലവകുപ്പ് പൈപ്പിടാനായി കുഴിച്ച കുഴികൾ മാസങ്ങൾ കഴിഞ്ഞിട്ടും മൂടാത്തത് അപകടങ്ങളുണ്ടാക്കുന്നു. കണിയാർ വയൽ - ഉളിക്കൽ റോഡിൽ മണ്ണേരി - മഞ്ഞാങ്കരി ഭാഗത്തുള്ള കുഴികൾ നികത്താത്തതാണ് പതിവായി അപകടങ്ങളുണ്ടാക്കുന്നത്. മണ്ണേരി വായനശാലക്കു സമീപം റോഡിന്റെ ഒരു ഭാഗത്ത് മണ്ണ് കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.
ഒട്ടേറെ വാഹനാപകടങ്ങളാണ് റോഡിൽ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാർക്കും നാല് യാത്രക്കാർക്കും പരിക്കേറ്റിരുന്നു. റോഡിലെ വളവ് കഴിഞ്ഞയുടനെയുള്ള ഭാഗത്താണ് ജലവകുപ്പ് കുഴിയെടുത്തത്. രാത്രിയിൽ കുഴി കാണാതെ ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഇവിടത്തെ കുഴി മൂടാൻ നിരവധി തവണ പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും പരിഹാരമായില്ല. കിഫ്ബിയിൽ നിന്ന് 62.12 കോടി രൂപ ചെലവഴിച്ചാണ് 18 കിലോമീറ്ററുള്ള കണിയാർവയൽ-കാഞ്ഞിലേരി - ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡ് ഉയർത്തിയും നടപ്പാതയും നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും ഒരുക്കിയാണ് റോഡ് നവീകരിച്ചത്. മികച്ച രീതിയിൽ നിർമിച്ച ഈ റോഡാണ് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷമാകുമ്പോഴേക്കും പൈപ്പിടാനായി വെട്ടിപ്പൊളിച്ചത്.
കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ റോഡിന്റെ അരിക് മുഴുവൻ വെട്ടിപ്പൊളിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പൂർവ സ്ഥിതിയിലാക്കാത്തതാണ് അപകടങ്ങളുണ്ടാക്കുന്നത്. ഇരിക്കൂർ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ഇത്തരത്തിൽ പദ്ധതിക്കായി വെട്ടിപ്പൊളിച്ചത്. ഈ റോഡുകളുടെ പുനർനിർമാണം അനന്തമായി നീളുന്ന സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

