മൊഗ്രാൽ കടവ് കണ്ണീർക്കടലായി
text_fieldsഅഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിെന്റ ദൃശ്യം
മൊഗ്രാൽ പുത്തൂർ: അഞ്ചുപേരുടെ ദുരന്തവാർത്ത താങ്ങാനാവാതെ മൊഗ്രാൽ കടവ് കണ്ണീക്കടലായി. അപ്രതീക്ഷിതമായ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് നാട് മുഴുവൻ. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഏറ്റവും അടുത്തടുത്ത സ്ഥലങ്ങളായ മൊഗ്രാൽ, മൊഗർ എന്നിവിടങ്ങളിലെ അടുത്തടുത്ത വീടുകളിലായി താമസിക്കുന്ന സഹോദരിമാരാണ് മരിച്ച നാലുപേരും.
എല്ലാ കാര്യങ്ങളിലും ഒരുമിക്കുന്നവരും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാണ്. നാട്ടുകാർക്ക് എല്ലാം സുപരിചിതനും അടുപ്പക്കാരനുമാണ് ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്. അടുത്ത ബന്ധുവിെൻറ മരണ വിവരമറിഞ്ഞുള്ള യാത്രയായിരുന്നു അഞ്ചുപേരുടെ അന്ത്യയാത്രയാണ്. ഇത് നെക്രയിലെ മരണവീട്ടിലും ഞെട്ടലായി മാറി.
നെക്രയിൽ മരിച്ച അബ്ദുറഹിമാനെ കാണാനാണ് നാലുപേരും പുറപ്പെട്ടത്. അത് ജില്ലയെയാകമാനം നടുക്കിയ ദുരന്തമാകുകയായിരുന്നു. സ്കൂൾ ബസുമായി കൂട്ടിയിടിച്ചായിരുന്നു ദുരന്തം. മുഖ്യ റോഡിലേക്ക് കയറിവരുകയായിരുന്നു ഓട്ടോ റിക്ഷ. കുട്ടികളെ കേരള അതിർത്തിയിലെ പെർളയിൽ ഇറക്കി യാത്രക്കാരില്ലാത്ത വരികയായിരുന്നു ബസ്. കുട്ടികൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
കുട്ടികളുണ്ടായിരുന്നുവെങ്കിൽ ആഘാതം ഇരട്ടിയാകുമായിരുന്നു. നാടിനു താങ്ങാനാവത്തതാണ് ദുരന്തമെന്ന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ പറഞ്ഞു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ആദ്യമായാണ് ഇത്രയും ആഘാതമുണ്ടാക്കിയ ദുരന്തം. ഇത് താങ്ങാവുന്നതല്ല. കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബദിയടുക്ക വില്ലേജിലെ പള്ളത്തടുക്കയിൽ വൈകുന്നേരം അഞ്ചരയോടെയാണ് ഓട്ടോറിക്ഷയും സ്കൂൾ ബസും ഇടിച്ച് റിക്ഷയിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ മരിച്ചത്. ഓട്ടോ ഡ്രൈവർ കാസർകോട് മൊഗർ സ്വദേശിയും യാത്രക്കാർ മൊഗ്രാൽ പുത്തൂർ സ്വദേശികളുമാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയശേഷം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവർ തായലങ്ങാടി സ്വദേശി അബ്ദുൽ റൗഫ് , മൊഗ്രാൽ സ്വദേശികളായ ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗർ, ഉമ്മുഹലീമ എന്നിവരാണ് മരിച്ച യാത്രക്കാർ. എല്ലാവരും സഹോദരങ്ങളുടെ മക്കളാണ്. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജനറൽ ആശുപത്രിയിൽ ഓടിയെത്തിയത് വൻജനാവലി
കാസർകോട്: ജില്ലയെ ആകെ ഞെട്ടിച്ച വാഹനാപകട വാർത്തയറിഞ്ഞ് കാസർകോട് ജനറൽ ആശുപത്രിയിൽ ഓടിയെത്തിയത് വൻജനാവലി. പള്ളത്തടുക്കയിൽ സ്കൂൾ ബസിടിച്ച് മരിച്ച ഓട്ടോ യാത്രക്കാരായ അഞ്ചുപേരുടെയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞാണ് ജനങ്ങൾ ഒഴുകിയെത്തിയത്. അപ്പോഴേക്കും ആശുപത്രി പരിസരം ജനനിബിഡമായി.
അപകടവിവരമറിഞ്ഞ് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിയ ജനക്കൂട്ടം
വിവരമറിഞ്ഞ് ജനങ്ങൾ ഓടിയെത്തുകയായിരുന്നു. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷറഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, ഡിവൈ.എസ്.പി പി.കെ. സുധാകരൻ, കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ ജനറൽ ആശുപത്രിയിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

