മഹാമാരിക്കിടയിലും ആടിവേടൻ എത്തി
text_fieldsനീലേശ്വരത്ത് ദേശസഞ്ചാരം നടത്തുന്ന ആടിവേടൻ
ചെറുവത്തൂർ: മഹാമാരിയിൽ പകച്ച് കഴിഞ്ഞ വർഷം കെട്ടാതെപോയ ആടിവേടൻ തെയ്യം ഇക്കുറി എത്തി. തെയ്യക്കാരുടെ ഉപജീവനമാർഗംകൂടിയായ ആടിവേടൻ കാസർകോടിെൻറ വിവിധ ഭാഗങ്ങളിൽ കർക്കടകം ഒന്നു മുതൽ സഞ്ചാരം തുടങ്ങി. പഞ്ഞമാസം എന്ന് വിശേഷണമുള്ള കർക്കടക മാസത്തിലെ ഒന്നാം ദിവസം മുതൽ വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്ടെ ഗ്രാമീണഭവനങ്ങളിൽ വ്യാധിയും മാരിയും കെടുതികളും അകറ്റി അനുഗ്രഹം ചൊരിയാനാണ് കർക്കടക തെയ്യങ്ങൾ എത്തുന്നത്.
എന്നാൽ, മഹാവ്യാധിയിൽ നാടും നാട്ടരങ്ങും ഉൾവലിഞ്ഞതോടെ കഴിഞ്ഞ വർഷം കർക്കടക തെയ്യങ്ങളും അരങ്ങിലെത്തിയിരുന്നില്ല. കർക്കടകത്തെയ്യമെന്നും വിളിക്കുന്ന ആടിവേടൻ തെയ്യം വീടുകളിൽ മണികിലുക്കിയും ചെണ്ട മുട്ടിയുമാണ് എത്തിയത്.
വിളക്കുതിരിയും മഞ്ഞളും ചുണ്ണാമ്പും കലർത്തിയ ഗുരുസിവെള്ളം തളികയിൽ നൽകിയാണ് വീട്ടുകാർ വരവേൽക്കുക. തെയ്യം വീടിനു മുന്നിൽ ആടിയതിനുശേഷം ഈ വെള്ളം കളത്തിൽ ഒഴിക്കുന്നു. ഇതോടെ അവിടത്തെ ദാരിദ്ര്യമോ പട്ടിണിയോ അസുഖങ്ങളോ മാറുമെന്നാണ് വിശ്വാസം. തെയ്യത്തിനു കാണിക്കക്കു പുറമെ വീട്ടുകാർ അരിയും എണ്ണയും മറ്റും നൽകുകയും ചെയ്യും. കർക്കടകമാസത്തിൽ തെയ്യങ്ങളെ വീടുകളിൽ ചെന്ന് വിശ്വാസത്തിെൻറ ഭാഗമായി ആടിക്കുന്ന തെയ്യം കലാകാരന്മാർക്കും പഞ്ഞമാസത്തിൽ ഇതൊരു വരുമാനമാണ്.
എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കോവിഡ് വ്യാപനം ഉള്ളതിനാൽ ചടങ്ങിെൻറ ഭാഗമായി കർക്കടക തെയ്യങ്ങൾക്ക് ദിവസം കുറച്ചു വീടുകളിൽ മാത്രമേ കയറാൻ സാധിക്കുന്നുള്ളൂ. സാധാരണ 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളെയാണ് കർക്കടകത്തെയ്യം കെട്ടിക്കുന്നത്.എന്നാൽ, കോവിഡിനെ തുടർന്ന് കുട്ടികളെ പുറത്തിറക്കാൻ പറ്റാത്തതിനാൽ ഇക്കുറി യുവാക്കളാണ് പലയിടത്തും തെയ്യം കെട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

