15 വർഷത്തെ ദുരൂഹത നീക്കിയത് നാലുമാസത്തെ അന്വേഷണം
text_fieldsക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്ത ബിജു പൗലോസിനെ ജില്ല ക്രൈംബ്രാഞ്ച്
ഓഫിസിൽ കൊണ്ടുവന്നപ്പോൾ
കാസർകോട്: പെൺകുട്ടിയെ കാണതായ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 വർഷം പഴക്കമുള്ള കേസിന്റെ ദുരൂഹത നീക്കിയത് നാലുമാസത്തെ അന്വേഷണം. 2024 ഡിസംബറിൽ ഹൈകോടതി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഉത്തരവിട്ടു. ജനുവരി 20ന് 13 അംഗ സംഘത്തിന് രൂപം നൽകി.
ഐ.ജി പ്രകാശ് എ.പി.എസിന്റെ കീഴിൽ എസ്.പി. പ്രജീഷ് തോട്ടത്തിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ജില്ല മേധാവി ടി. മധുസൂദനൻ അന്വേഷണ ഉദ്യോഗസ്ഥനായി അതിവേഗത്തിൽ നീങ്ങിയ അന്വേഷണം മേയ് 17 ഓടെ നിർണായക ഘട്ടം പൂർത്തിയാക്കുകയായിരുന്നു. പെൺകുട്ടി ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്താനുള്ള എല്ലാ ശ്രമങ്ങളും അന്വേഷണം തുടങ്ങിയതോടെ പൊളിഞ്ഞു തുടങ്ങി.
പവിത്രം കയത്തിൽ മൃതദേഹം താഴ്ത്തിയെന്ന് മനസ്സിലായതോടെ പൊലീസ് ചന്ദ്രഗിരി അഴിമുഖത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എഫ്.ഐ.ആറുകൾ പരിശോധനക്ക് വിധേയമാക്കി. അവ കുഴിച്ചിട്ട പൊതു ശ്മശാനത്തിൽ നിന്ന് ലഭ്യമായ 22 വാരിയെല്ലുകൾ, അരകെട്ടിന്റെ ഭാഗം, ഒരു കാൽ, ഒരു കൈ, പാദസരം, ഉറുക്ക് എന്നിവ പരിശോധിച്ചു. ഇവക്ക് കാണാതായ പെൺകുട്ടിയുടെ അടയാളങ്ങളുമായി സാമ്യം വന്നതോടെ കേസ് വഴിത്തിിവായി.
കേസ് അന്വേഷണം ഒതുക്കാൻ സാധ്യമായ എല്ല വഴികളും പ്രതികളുടെ പക്ഷത്തുനിന്നുണ്ടായിരുന്നു. ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പരാതി പിൻവലിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും പൊലീസ് പൊളിച്ചുകൊടുത്തു. പൊലീസ് ഇൻസ്പെക്ടർമാരായ പി.എം. ലിബിൻ, എം. ശ്രീകുമാർ, എസ്.ഐമാരായ പി.വി. രഘുനാഥ്, എം. മനോജ്, എ.എസ്.ഐമാരായ എ.എസ്.ഐ് രാജീവൻ, കെ. രതി, സിവിൽ പൊലീസ് ഓഫിസർമാരായ കെ. മഹേഷ്, കെ. സുമേഷ് മാണിയാട്ട്, പ്രബേഷ് വൈക്കത്ത്, പ്രമോദ്, അബ്ദുൽറൗഫ്, രഞ്ജിത് കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പണം തട്ടിപ്പ് കേസും
ബിജു പൗലോസിന്റെയും ഭാര്യയുടെയും പേരിൽ പണം തട്ടിയതിനും കേസ്. പാണത്തൂർ ബാപ്പും കയത്തെ നാട്ടുകാർ നൽകിയ പരാതിയിൽ രണ്ടുമാസം മുമ്പ് രാജപുരം പൊലീസ് രണ്ട് വഞ്ചന കേസുകൾ രജിസ്റ്റർ ചെയ്തു. കടം വാങ്ങിയ 10 ലക്ഷത്തിലേറെ രൂപ തിരികെനൽകാത്തതിനാലാണ് കേസെടുത്തത്. പണം ചോദിച്ചപ്പോൾ സ്വാധീനമുപയോഗിച്ച് ഭീഷണിപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് നാട്ടുകാർ ധൈര്യസമേതം പൊലീസിനെ സമീപിച്ചത്.
ബിജു പൗലോസിനെ തെളിവെടുപ്പിനെത്തിച്ചു
അറസ്റ്റിലായ ബിജു പൗലോസിനെ ബല്ലാക്കടപ്പുറം ബീഡിമുക്കിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. ബിജു പൗലോസും പെൺകുട്ടിയും ഇവിടെ വാടകവീട്ടിൽ താമസിച്ചതായി വ്യക്തമായ സാഹചര്യത്തിലായിരുന്നു ഇവിടെ തെളിവെടുപ്പിനെത്തിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു തെളിവെടുപ്പ്. പഴയ വീട്ടിൽ നിലവിൽ മറ്റൊരു കുടുംബം താമസിക്കുന്നുണ്ട്.
തെളിവുകൾ നശിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്തു; ഒടുവിൽ കുടുങ്ങി
കാഞ്ഞങ്ങാട്: ബിജു പൗലോസ് തെളിവുകൾ നശിപ്പിക്കാൻ കുത്സിതശ്രമം നടത്തിയെങ്കിലും ഒന്നര പതിറ്റാണ്ടിനുശേഷം കുടുങ്ങി. ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയിൽനിന്ന് മുതിർന്ന അഭിഭാഷകനെ കൊണ്ടുവന്നാണ് പൊലീസിന്റെ നീക്കം തടഞ്ഞത്.
2010ൽ പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ മൃതദേഹം മറവുചെയ്ത ബിജു പൗലോസ് തെളിവ് നശിപ്പിക്കാൻ എറണാകുളത്തേക്ക് പോയത് പെൺകുട്ടിയുടെ മൊബൈൽ ഫോണുമായി. പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഇതേ ഫോണിൽനിന്ന് പെൺകുട്ടിയുടെ പിതാവിനെ പല തവണ മിസ്കാൾ ചെയ്തു. ബിജു പൗലോസിന്റെ ഫോണിലേക്കും പെൺകുട്ടിയുടെ ഫോണിൽനിന്ന് വിളിച്ചു. തിരിച്ചുംവിളിച്ചു. മകളുടെ ഫോണിൽനിന്ന് പലതവണ മിസ്കാൾ വരാറുണ്ടെന്ന് പിതാവ് പറയാറുണ്ടായിരുന്നു. അന്വേഷണത്തോടെയാണ് ഇത് ബിജു വിളിച്ചതാണെന്ന് വ്യക്തമായത്.
സംഭവത്തിനുശേഷം ഗൾഫിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു. ഗൾഫിൽ വിസ കാലാവധി കഴിഞ്ഞതോടെ ജയിലിൽ കിടന്നതിനുശേഷം വീണ്ടും നാട്ടിലേക്ക് തിരിച്ചുവന്നു. അതിനിടെ അടുത്തകാലത്ത് അന്വേഷണം ഊർജിതമായതോടെ കുടുങ്ങുമെന്നുറപ്പായപ്പോൾ ഒളിവിൽ കഴിയുകയായിരുന്നു.
ഹൈകോടതിയുടെ നിർദേശത്തെ തുടർന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ബിജു പൗലോസിനെ രക്ഷിക്കാൻ ചിലർ രംഗത്തുവരുകയും ചെയ്തിരുന്നു. ഇടനിലക്കാർ വഴി പെൺകുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ച് കേസ് പിൻവലിക്കാൻ കാൽലക്ഷം വാഗ്ദാനം ചെയ്തു. ഈ സംഭവത്തിൽ കർമസമിതി അന്വേഷണസംഘത്തിന് രേഖാമൂലം പരാതി നൽകിയെങ്കിലും ഇവർക്കെതിരെ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

