ദുരിതയാത്രക്ക് വിരാമം; നവീകരണം തുടങ്ങി താലൂക്കാശുപത്രി റോഡ്
text_fieldsനീലേശ്വരം: റെയിൽവേ മേൽപാലത്തിന് താഴെനിന്ന് നീലേശ്വരം താലൂക്കാശുപത്രിവരെയുള്ള ദുരിതയാത്രക്ക് ഇനി വിരാമം. കോൺവെന്റ് ജങ്ഷനിലെ അപകടവളവും റോഡിന്റെ വീതിക്കുറവും എന്നും യാത്രക്കാർക്ക് ദുരിതമായിരുന്നു. റോഡിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങൾ പൊളിച്ച് വീതികൂട്ടി റോഡ് മെക്കാഡം ടാറിങ് നടത്തുന്നതോടുകൂടി യാത്ര എളുപ്പമാകും. നീലേശ്വരം റെയിൽവേ മേൽപാലം മുതൽ 1.4 കിലോമീറ്റർ ദൈർഘ്യത്തിൽ നീലേശ്വരം താലൂക്കാശുപത്രിവരെ ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങി. 1.75 ലക്ഷം രൂപക്കാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള കരാർ.
ഏറ്റെടുത്ത ഭൂമി, കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരത്തുകയായ 12.58 കോടി രൂപ കിഫ്ബി റവന്യൂ വകുപ്പ് മുഖാന്തരം നേരത്തെ നൽകിയിരുന്നു. റോഡ് വീതി കൂട്ടുന്നതിനുവേണ്ടി 104 പേരുടെ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 94 ചെറുതും വലുതുമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. 20 പേർ ഇതിനെതിരെ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.
ഇവർക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ഏറ്റെടുത്തിട്ടുള്ള മറ്റ് മുഴുവൻ ഭൂമിയിലെയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. കരാറുകാരന്റെ അനാസ്ഥകാരണം, സംസ്ഥാന സർക്കാർ 2018ൽ 42 കോടി രൂപ അനുവദിച്ച പദ്ധതിയിൽ നീലേശ്വരം-എടത്തോട് റോഡ് നിർമാണം പൂർത്തിയാക്കാനായില്ല. പദ്ധതി പൂർത്തിയാക്കാൻ എം. രാജഗോപാലൻ എം.എൽ.എ നടത്തിയ ഇടപെടലാണ് കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് ബാലൻസ് എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടിയായത്.
ബാക്കിയുള്ള പ്രവൃത്തികൾക്ക് 24 കോടി രൂപയും അഡീഷനൽ പ്രവൃത്തികൾക്ക് 12.59 കോടി രൂപയും 18 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ 41 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കെ.ആർ.എഫ്.ബി തയാറാക്കിയിട്ടുള്ളത്. ഇതിന് കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കും. ഇതോടെ മലയോര മേഖലയിലേക്കുള്ള യാത്ര സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

