സ്കൂൾ പരിസരം വൃത്തിയാക്കി; പ്രതീക്ഷയായി ഈ കൊച്ചുമിടുക്കൻ
text_fieldsഅമീൻ റാസി സ്കൂൾ മുറ്റത്തെ മാലിന്യം പെറുക്കി ബിന്നിൽ നിക്ഷേപിക്കുന്നു
കാസർകോട്: സ്റ്റേജിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുമ്പോൾ അതിൽനിന്ന് വേറിട്ട് സ്കൂൾ മുറ്റത്തെ മാലിന്യം വൃത്തിയാക്കി കൊച്ചുമിടുക്കൻ. പാണക്കാട് തങ്ങൾ മെമ്മോറിയൽ എയ്ഡഡ് യു.പി സ്കൂൾ രണ്ടാംതരം വിദ്യാർഥി അമീൻ റാസിയാണ് മറ്റ് വിദ്യാർഥികൾക്ക് മാതൃകയായത്. സ്കൂളിലെ അറബിക് അധ്യാപിക പി.എസ്. സക്കീനയുടെ ശ്രദ്ധയിൽപെടുകയായിരുന്നു ഈ സൽപ്രവൃത്തി.
തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുട്ടികൾക്കിടയിൽ ഒരാൾമാത്രം വലിച്ചെറിയപ്പെട്ട വേസ്റ്റുകൾ പെറുക്കിയെടുത്തു വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നു. കൂടെ ആരെങ്കിലുമുണ്ടോയെന്ന് അധ്യാപിക നോക്കിയെങ്കിലും ആരെയും കണ്ടില്ല. എല്ലാവരുടെയും ശ്രദ്ധ കലാസ്വാദനത്തിൽ മുഴുകുമ്പോൾ അവന്റെ ശ്രദ്ധ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയപ്പെട്ട് മലിനമാകുന്ന സ്കൂൾ മുറ്റത്തെക്കുറിച്ചായിരുന്നു. ഇത് നിരീക്ഷിച്ച സക്കീന ടീച്ചർ മൊബൈലിൽ പകർത്തുകയും ചെയ്തു.
ആരാണ് ഇത് ചെയ്യാൻ പറഞ്ഞതെന്ന് അധ്യാപിക ചോദിച്ചപ്പോൾ ചുറ്റുപാടും വൃത്തികേടായി നിൽക്കുന്നതുകണ്ടാണ് വേസ്റ്റ് പെറുക്കിയതെന്നും -അമീർ റാസി പറഞ്ഞു. അധ്യാപകനായ പി.എം. അബ്ദുൽ റഫീഖിന്റെയും കെ. സൽമയുടെയും മകനാണ് ഈ മിടുക്കൻ. സഹോദരി പി.എം. ലാസ മറിയം. അമീൻ റാസിയെ സ്കൂൾ മാനേജർ സി.എ. മുഹമ്മദ് കുഞ്ഞിയും ഹെഡ് ടീച്ചർ റോഷ്നി കൃഷ്ണനും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

