കാസർകോട് ജില്ലയിൽ 6810 പേർ വീട്ടിൽനിന്ന് വോട്ട് ചെയ്യും
text_fieldsകാസർകോട്: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട്’ സേവനത്തിലൂടെ ജില്ലയിൽ 6810 പേർ വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്തും. ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്നത്.
ജില്ലയിൽ ആകെ 10,075 പേർക്ക് 12ഡി ഫോമുകൾ വിതരണംചെയ്തു. 7222 പേർ വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് ഫോം പൂരിപ്പിച്ച് തിരികെ നൽകി.
ഇതിൽ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം റിട്ടേണിങ് ഓഫിസർമാർ 6810 പേരുടെ അപേക്ഷകൾ അംഗീകരിച്ചു. 85 വയസ്സ് കഴിഞ്ഞ 3281 പേർക്കും ഭിന്നശേഷിക്കാരായ 3529 പേർക്കുമാണ് വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്.
ജില്ലയിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നത്. ഇവിടെ 1675 പേരുടെ അപേക്ഷകളാണ് അംഗീകരിച്ചത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ 1673 പേരും ഉദുമയിൽ 1559 പേരും മഞ്ചേശ്വരത്ത് 1004 പേരും കാസർകോട് 899 പേരും വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്തും.
രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വിഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ, ബൂത്ത് ലെവൽ ഓഫിസർ എന്നിവരടങ്ങുന്ന സംഘമാണെത്തുക. റാൻഡമൈസേഷൻ നടത്തിയാണ് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. റൂട്ട് മാപ്പ് തയാറാക്കി ബന്ധപ്പെട്ട സ്ഥാനാർഥികളെയും അവരുടെ ബൂത്ത് തല ഏജന്റുമാരെയും സന്ദർശനവിവരം അറിയിച്ച് ആയിരിക്കും വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്തുന്നതെന്ന് കലക്ടർ പറഞ്ഞു. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയിൽ 25ഉം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടിങ് മെഷീനുകള്‍ വിവിധ നിയോജക മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഇനി രണ്ടാം ഘട്ട റാൻഡമൈസേഷന്‍ കമീഷനിങ്ങിന് മുന്നേ നടത്തും. പോളിങ് ഒഫിഷ്യല്‍സിന്റെ ഒന്നാം ഘട്ട റാൻഡമൈസേഷന്‍ നടത്തി. പരിശീലനങ്ങള്‍ നടന്നുവരികയാണ്. ഓക്‌സിലറി ബൂത്ത് അധികമായി അഞ്ചെണ്ണം ലഭിച്ചിട്ടുണ്ട്. ഇതോടെ 1146 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ.എന്‍. ഗോപകുമാര്‍, മഞ്ചേശ്വരം നിയോജകമണ്ഡലം വരണാധികാരിയായ എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ വി.പി. രഘുമണി, കാസര്‍കോട് നിയോജകമണ്ഡലം വരണാധികാരിയായ ആര്‍.ഡി.ഒ ബിനു ജോസഫ്, തെരഞ്ഞെടുപ്പ് നോഡല്‍ ഓഫിസര്‍മാരായ വി. ചന്ദ്രന്‍, ഓഫിസര്‍ ടി.ടി. സുരേന്ദ്രന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ പി. ഉദയകുമാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹാരിസ് ചൂരി, എം. കുഞ്ഞമ്പു നായര്‍, വി. രാജന്‍, കെ.എ.എം. ഹനീഫ, പി. രമേശ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

