കാസർകോട് ജില്ലയിൽ 57 നിയമവിരുദ്ധ പ്രചാരണപ്രവർത്തനം കണ്ടെത്തി
text_fieldsകാസർകോട്: ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ ശനിയാഴ്ച കണ്ടെത്തിയത് 57 നിയമവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേശ്വരം, കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലായാണ് പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങളും സ്ഥാനാർഥി പ്രചാരണബോർഡുകളും ഫ്ലക്സുകളും പോസ്റ്ററുകളുമടക്കം സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കംചെയ്തത്.
മഞ്ചേശ്വരം താലൂക്കിൽ പൈവളിഗെ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ 25 കൊടികളും രണ്ട് ഫ്ലക്സുകളും ഒരു പ്രചാരണ ബോർഡുമാണ് നീക്കിയത്. കാസർകോട് താലൂക്കിൽ ആനക്കല്ലിൽ ത്രിതല പഞ്ചായത്ത് സ്ഥാനാർഥികൾക്കായി സ്ഥാപിച്ച പ്രചാരണ ബോർഡുകളും ബന്തടുക്കയിലെ പ്രചാരണബോർഡും കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കെട്ടിയ രാഷ്ട്രീയപാർട്ടിയുടെയും തൊഴിലാളിസംഘടനയുടെയും നാലു കൊടികളും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ച രണ്ടു പോസ്റ്ററുകളും ഒരു ബാനറുമാണ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്ക്വാഡ് നീക്കംചെയ്തത്.
ഹോസ്ദുർഗ് താലൂക്കിൽ പള്ളിക്കര, അജാനൂർ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നിവയുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച വിവിധ രാഷ്ട്രീയപാർട്ടികളുടെയും തൊഴിലാളിസംഘടനയുടെയും 10 കൊടികളും പള്ളിക്കര, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ ഏഴ് പ്രചാരണബോർഡുകളും ഒരു പോസ്റ്ററുമാണ് നീക്കിയത്. മൂന്നു താലൂക്കുകളിലെയും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള ഭൂരേഖ തഹസിൽദാർ ടി.പി. ഷമീർ, സ്യൂട്ട് സെക്ഷൻ സീനിയർ സൂപ്രണ്ട് വി. ശ്രീകുമാർ, എൽ.എ പി.ഡബ്ല്യൂ.ഡി സ്പെഷൽ തഹസിൽദാർ പി. പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

