വന്യജീവി ആക്രമണത്തിൽ കാസർകോട് ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 54 പേർ
text_fieldsജില്ലയിലെ വന്യജീവി ആക്രമണ സാഹചര്യത്തിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം
കാസർകോട്: ജില്ലയിലെ വന്യജീവി ആക്രമണം കുറക്കാനുള്ള നടപടിക്കായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. 2011 മുതൽ 2024 വരെ വന്യജീവി ആക്രമണത്തിൽ 54 പേർ മരിക്കുകയും 940 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ പാമ്പുകടിയേറ്റ് 36 പേർ മരിക്കുകയും 873 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഈ അപകടങ്ങൾ പൂർണമായും സംഭവിച്ചിരിക്കുന്നത് വനത്തിന് പുറത്തുനിന്നാണ്.
ഈ സാഹചര്യത്തിൽ ഭാവിയിൽ ജില്ലയിൽ ഇത്തരം അപകടങ്ങൾ കുറക്കുന്നതിനാണ് വിവിധ ഡിപ്പാർട്മെന്റ് പ്രതിനിധികളുടെ യോഗം കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നത്. എ.ഡി.എം പി. അഖിൽ അധ്യക്ഷതവഹിച്ചു. ഡി.എഫ്.ഒ കെ. അഷ്റഫ് പാമ്പുകടിയേറ്റ് ജില്ലയിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഇതിനായി പ്രത്യേക ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
വനംവകുപ്പിന്റെ നേതൃത്വത്തിലായിരിക്കും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ എൽ.എസ്.ജി.ഡി, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ട്രൈബൽ ഡെവലപ്മെന്റ്, കൃഷി തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
മിഷൻ സർപ്പ’യുമായി വനംവകുപ്പ്
കാസർകോട്: മനുഷ്യ-വന്യജീവി സംഘർഷങ്ങൾ മൂലമുള്ള മരണങ്ങളിൽ കൂടുതൽ പാമ്പുകടിയേറ്റുള്ള മരണമായതിനാൽ ‘മിഷൻ സർപ്പ’ കാര്യക്ഷമമാക്കി വനംവകുപ്പ്. 2020 മുതൽ ജനവാസമേഖലകളിൽനിന്ന് പാമ്പുകളെ സുരക്ഷിതമായി പിടികൂടി അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ‘സർപ്പ’ മൊബൈൽ ആപ്പും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുടെ സേവനവും ഒരുക്കി.
ഇതിലൂടെ 2019ൽ പാമ്പുകടിയേറ്റ് 123 പേർ മരിച്ച അവസ്ഥയിൽനിന്ന് 2024ൽ എത്തുമ്പോൾ അത് 30 മരണമായി കുറക്കാനായി. ‘സീറോ സ്നേക്ക് ബിറ്റ് ഡെത്ത്’ ലക്ഷ്യം നടപ്പാക്കാനാണ് സർപ്പ വഴി ഉദ്ദേശിക്കുന്നത്. പ്രാദേശികമായി കൂടുതൽ ഫലപ്രദമായ ആന്റിവെനം നിർമിക്കുന്നതിനുള്ള ശ്രമങ്ങളിലേക്കും അതുവഴി പാമ്പുകടി മൂലമുള്ള മരണം പൂർണമായും ഒഴിവാക്കുകയുമാണ് വനംവകുപ്പ് ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.