Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:05 AM GMT Updated On
date_range 24 May 2022 12:05 AM GMT400 കെ.വി ഹരിത പവര്‍ ഹൈവേ ഊര്‍ജമേഖലയിൽ കുതിപ്പാകും
text_fieldsbookmark_border
വടക്കന്‍ ജില്ലകള്‍ക്ക് അഭിമാനപദ്ധതി കാസർകോട്: കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് അന്തര്‍സംസ്ഥാന വൈദ്യുതിപ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ട് 400 കെ.വി കാസര്‍കോട്- വയനാട് ഹരിത പവര്‍ ഹൈവേ പദ്ധതി നടപ്പിലാക്കുന്നത്. ഒപ്പം കാസര്‍കോട് ജില്ലയിലെ പുനരുൽപാദന ഊര്‍ജ നിലയങ്ങളില്‍നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിപ്രസരണനഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററില്‍ എത്തിക്കുന്നതിനുമാണ് നോര്‍ത്ത് ഗ്രീന്‍ കോറിഡോര്‍ 400 കെവി കരിന്തളം-പയ്യമ്പള്ളി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്നപേരില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. കരിന്തളം 400 കെ.വി സബ്സ്റ്റേഷനില്‍നിന്നാണ് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈന്‍ വലിക്കുന്നത്. 125 കിലോമീറ്റര്‍ വൈദ്യുതിലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്. 400 കെ.വി പ്രസരണശേഷിയുള്ള 380 ടവറുകളാണ് പദ്ധതിക്ക് ആവശ്യമായിവരുക. വയനാട്ടില്‍ 200 എം.വി.എ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാന്‍ കഴിയുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠപുരം-ഇരിട്ടി-നെടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതിലൈന്‍ പോകുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈന്‍ കടന്നുപോകുന്നു. 436 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കെ.എസ്.ഇ.ബിയുടെ തനതു ഫണ്ടില്‍നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചത്. 36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല.
Next Story