29 കിലോമീറ്റർ ദൂരത്തിൽ നിർമാണം പൂർത്തീകരിച്ചു; കാറടുക്ക ആനപ്രതിരോധ വേലി സജ്ജമായി
text_fieldsrepresentational image
കാസർകോട്: ആനശല്യം തടയുന്നതിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്ത ആനപ്രതിരോധ വേലി പ്രവർത്തന സജ്ജമായി. നിരീക്ഷണ ടവറടക്കം 3.33 കോടിയുടെ പദ്ധതിയിൽ വേലിക്കായി മാത്രം 1.7 കോടി ചെലവിട്ടുവെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആനശല്യം രൂക്ഷമായ ദേലംപാടി, കാറഡുക്ക, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ പഞ്ചായത്തുകളെയും ജില്ല പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണ് കാറഡുക്ക ആന പ്രതിരോധ പദ്ധതി.
മുപ്പതിലധികം ആനകൾ ജനവാസകേന്ദ്രങ്ങളിൽ വർഷങ്ങളായി വലിയ തോതിൽ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൃഷിക്കാരുടെയും നാട്ടുകാരുടെയും വലിയ പ്രയാസത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കാറഡുക്ക ആനപ്രതിരോധ പദ്ധതി ഇപ്പോൾ പൂർണ വിജയത്തിലെത്തി.
വനംവകുപ്പുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയാണിത്. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പ്രോജക്റ്റ് തയാറാക്കി സംസ്ഥാന പ്ലാനിങ് കോഓഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയാണ് പദ്ധതി ആരംഭിച്ചത്.
തദ്ദേശ വകുപ്പിന്റെയും വനം വകുപ്പിന്റെയും മന്ത്രിമാരെ കണ്ട് ചർച്ച നടത്തിയിരുന്നു. സംസ്ഥാന ആസൂത്രണ വകുപ്പ് അംഗീകാരം ലഭിച്ചത് കൂടാതെ മാതൃകാ പദ്ധതിയെന്ന നിലയിൽ പ്രോത്സാഹന ധനസഹായവും അനുവദിച്ചു. ഉദ്ദേശിച്ചതിലും കൂടുതൽ സമയം നിർമാണ പ്രവർത്തനത്തിന് വേണ്ടി വന്നു. ഇപ്പോൾ 29 കിലോമീറ്റർ ദൂരത്തിൽ വേലി നിർമാണം പൂർത്തീകരിച്ചു. ഇതിനോടനുബന്ധിച്ച് ക്യാമ്പ് ഷെഡ്, സേർച്ച് ടവർ എന്നിവ പൂർത്തീകരിക്കാനുണ്ട്.
20 വർഷത്തിനുള്ളിൽ ആദ്യമായാണ് അഞ്ച് പഞ്ചായത്ത് പരിധിയിൽ ആനശല്യമില്ലാത്ത സ്ഥിതിയുള്ളത്. അതിന് കാരണം ആനകളെ പൂർണമായും വേലിക്ക് പുറത്തേക്ക് കടത്തുന്നതിൽ പ്രയത്നിച്ച വനംവകുപ്പാണ്. സാധാരണ ആനകളെ തിരിച്ചയക്കാറുണ്ട് എങ്കിലും വേലി പൂർണമായും സജ്ജമായതോടെ കഴിഞ്ഞ ഒരാഴ്ചയായി ആനക്കൂട്ടം തിരിച്ചു വന്നിട്ടില്ല. പരപ്പ ഫോറസ്റ്റ് ഡിവിഷന് കീഴിൽ നാല് ആനകൾ ഇപ്പോഴുമുണ്ട്.
ആനകൾ വേലിക്ക് അരികിലെത്തി തിരിച്ചു പോയത് സോളാർ തൂക്കുവേലി ഫലപ്രദമെന്നതിന്റെ തെളിവാണ്. പദ്ധതി തുകയായ 3.33 കോടി രൂപയിൽ 1.20 കോടി രൂപ ത്രിതല പഞ്ചായത്തുകൾ കൈമാറി. പ്രോത്സാഹന ധനസഹായമായ 60 ലക്ഷം രൂപ ഉടൻ ലഭിക്കും. പുതിയ പദ്ധതിയിൽ ഇതിനായി ഫണ്ട് മാറ്റി വെച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കും വേലിയുടെ സംരക്ഷണത്തിനായി 12 വാച്ചർമാർ പ്രവർത്തിക്കുന്നു. വനംവകുപ്പ് ഇതിന്റെ ചെലവുകൾ വഹിക്കും.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾകൂടി ഇതിനായി ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല വനം മേധാവി കെ. അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ബി.കെ. നാരായണൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

