മത്സ്യ മാർക്കറ്റ് ലോഡ്ജിന് 25,000 പിഴ; ഒരാഴ്ചക്കകം ആളുകളെ മാറ്റിപ്പാർപ്പിക്കണം
text_fieldsകാസർകോട്: പഴയ ബസ് സ്റ്റാൻഡ് മാർക്കറ്റ് റോഡിൽ അന്തർ സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് ചട്ടംലംഘിച്ച് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിന് 25000 രൂപ പിഴയിട്ടു. ലോഡ്ജിൽ അനിയന്ത്രിതമായി പാർപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളികളെ ഒരാഴ്ചക്കകം മാറ്റിപ്പാർപ്പിക്കാൻ നഗരസഭ നോട്ടീസ് നൽകി.
സുപ്രീം ടവർ എന്ന ലോഡ്ജിനാണ് പിഴ. കഴിഞ്ഞ ദിവസം നൽകിയ ‘മാധ്യമം’ വാർത്തയെ തുടർന്ന് ശനിയാഴ്ച രാവിലെ നഗരസഭ ഹെൽത്ത് സൂപ്രണ്ട് ലതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ആശാമേരി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സ്ക്വാഡ് മത്സ്യ മാർക്കറ്റ് റോഡിലെ ലോഡ്ജിൽ വിശദ പരിശോധന നടത്തി. ഉടമകളെ വിളിച്ചുവരുത്തി. ഒമ്പതുപേരാണ് ലോഡ്ജിന്റെ ഉടമകൾ. ഇവരിൽ ഒരാളാണ് വന്നത്.
എല്ലാ മുറികളിലും ആൾ താമസമുണ്ടായിരുന്നതായി കണ്ടെത്തി. റവന്യൂ രേഖകൾ പ്രകാരം പകുതി മുറികളിൽ മാത്രമാണ് ആൾതാമസം. എല്ലാ മുറികളിലും ആൾ താമസമുള്ളതായി രേഖപ്പെടുത്തുകയും ബാക്കിയുള്ളവരെ ഒരു മാസത്തിനകം മാറ്റിപ്പാർപ്പിക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു.
സുപ്രീം ടവറിന് താഴെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മുകളിൽ രണ്ട് നിലകളിലായി മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ കെട്ടിടങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിനേക്കാൾ അധികം അന്തർ സംസ്ഥാന തൊഴിലാളികളെ അനധികൃമായി തിങ്ങി പാർപ്പിച്ചിരിക്കുകയാണെന്ന് നഗരസഭ റിപ്പോർട്ടിൽ പറഞ്ഞു. കെട്ടിടത്തിന്റെ മലിനജല ടാങ്ക് നിറഞ്ഞ് കവിഞ്ഞ് സമീപത്തുള്ള മഴവെള്ള ചാലിലേക്ക് ഒഴുക്കിവിടുകയാണ്.
ആയത് ഇവിടത്തെ താമസക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടാക്കുന്നു. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് നിർത്തണം. താമസക്കാരെ ഏഴു ദിവസത്തിനകം മുഴുവനായി മാറ്റിപ്പാർപ്പിക്കണം.
കെട്ടിടത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി കെട്ടിടവും പരിസരവും വൃത്തിയാക്കുന്നതിന് പുറമേ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണം. കെട്ടിടത്തിൽ ഉൾക്കൊള്ളാവുന്ന പരിധിയിൽ വരുന്ന ആളുകളെ താമസിപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി വിവരം രേഖാമൂലം നഗരസഭ ഓഫിസിൽ അറിയിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

