കപ്പൽജോലിക്ക് ഇനി സ്ത്രീകളും ആദ്യ ബാച്ചിൽ പരിശീലനത്തിന് 18 പെൺകുട്ടികൾ
text_fieldsവാണിജ്യ കപ്പലിൽ ജി.പി റേറ്റിങ് വിഭാഗത്തിൽ പരിശീലനത്തിന്
പ്രവേശനം നേടിയ പെൺകുട്ടികൾ ‘നുസി’ ഭാരവാഹികൾക്കൊപ്പം
ഉദുമ: മർച്ചന്റ് നേവിയുടെ വാണിജ്യ കപ്പലുകളിലെ ജോലികൾക്ക് ഇനിമുതൽ സ്ത്രീകളും. നാവിഗേറ്റിങ് ഓഫിസർ, എൻജിനീയർ തസ്തികകളിൽ പരിമിതമായി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും ജനറൽ പർപസ്-ജി.പി- (ഡെക്ക്, എൻജിൻ, കേറ്ററിങ്) വിഭാഗത്തിൽ ഇപ്പോൾ സ്ത്രീകൾക്കും ജോലി തേടാം. 18 പെൺകുട്ടികൾ ജി.പി റേറ്റിങ് വിഭാഗത്തിൽ ഇതിനകം പരിശീലനം ആരംഭിച്ചു. കപ്പലോട്ടക്കാരുടെ സംഘടനയായ എൻ.യു.എസ്.ഐയുടെ (നുസി) സ്പോൺസർഷിപ്പോടെ കപ്പലോട്ട ജോലിയിൽ പ്രവേശനം തേടിയാണ് ആറുമാസം നീളുന്ന പരിശീലനത്തിന് അർഹത നേടി ചരിത്രംകുറിച്ചത്. ഒമ്പതു പേർ മഹാരാഷ്ട്രയിൽനിന്നാണ്. ഹിമാചൽപ്രദേശിൽനിന്ന് അഞ്ചും കേരളത്തിൽനിന്ന് രണ്ടും ഡൽഹി, അസം എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരുമാണ് മുംബൈയിലെ ടി.എസ്. റഹ്മാൻ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം തുടങ്ങിയത്.
മലയാളികളായ സിജിന സിദ്ധാർഥും ഗോപിക പുത്തൻതറയും ആലപ്പുഴയിൽ നിന്നുള്ളവരാണ്. വാണിജ്യ കപ്പലുകളിൽ സെയിലേഴ്സ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പിന്നീട് പരീക്ഷയെഴുതി നാവിഗേറ്റിങ് ഓഫിസറും തുടർന്ന് ക്യാപ്റ്റൻ പദവി വരെയും എത്താൻ അവസരമുണ്ടാകും.
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി മാർച്ച് 18ന് തുടക്കമിട്ട ‘നുസി സ്ത്രീ ശക്തി സപ്പോർട്ട്’ കാമ്പയിനിന്റെ ആദ്യ സംരംഭമായാണ് പെൺകുട്ടികളെ റേറ്റിങ് വിഭാഗത്തിൽ കപ്പൽ ജോലി നേടാൻ പരിശീലനത്തിന് ക്ഷണിച്ചത്. പരിശീലനത്തിന് സാമ്പത്തിക സഹായവും നുസി നൽകിയെന്ന് അസി. ജനറൽ സെക്രട്ടറി സുനിൽ നായർ പറഞ്ഞു. പരിശീലനം പൂർത്തിയായി സർട്ടിഫിക്കറ്റ് ലഭിക്കുന്നമുറക്ക് ഇവർക്ക് ‘ജി.പി ട്രെയിനി’ റാങ്കിൽ പ്രമുഖ ഷിപ്പിങ് കമ്പനികളിൽ പ്ലേസ്മെൻറ് ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.
നുസിയുടെ ഗോവയിലെ മാരിടൈം പരിശീലന അക്കാദമിയിൽ (nusiacademy.edu.in) 2024 ജനുവരി ഒന്നിന് തുടങ്ങുന്ന പ്രീ സീ ട്രെയിനിങ്ങിന് ആൺകുട്ടികളോടൊപ്പം പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. എസ്.എസ്.എൽ.സി/പ്ലസ് ടു കഴിഞ്ഞ 18നും 25നും മധ്യേ പ്രായമുള്ള കായിക ശാരീരികക്ഷമതയുള്ളവർക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. പാസ്പോർട്ട് നിർബന്ധമാണ്. ഡിജിയുടെ (dgshipping.gov.in) അംഗീകാരമുള്ള കൂടുതൽ പരിശീലന കേന്ദ്രങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

