Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 11:58 PM GMT Updated On
date_range 20 April 2022 11:58 PM GMT18 വർഷമായി വ്രതമെടുത്ത് ഉഷ ടീച്ചർ
text_fieldsbookmark_border
കാഞ്ഞങ്ങാട്: 18 വർഷമായി തുടർച്ചയായി റമദാൻ മാസം വ്രതമെടുക്കുന്നതിന്റെ ആത്മവിശ്വാസത്തിലും സന്തോഷത്തിലും ഒരു അധ്യാപിക. തൃശൂർ ജില്ലയിൽ പാഞ്ഞാളിലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ഉഷ ടീച്ചർ വിദ്യാനഗർ ചെട്ടുംകുഴി സ്വദേശിനിയാണ്. കാസർകോട് ജി.എച്ച്.എസ്.എസിൽനിന്ന് 17 വർഷത്തെയും ജി.എച്ച്.എസ്.എസ് പട് ലയിലെ നാലു വർഷത്തെയും സേവനത്തിനുശേഷമാണ് പ്രധാനാധ്യാപികയായി കഴിഞ്ഞ വർഷം ജൂലൈയിൽ തൃശൂരിലേക്ക് പോയത്. 1996ൽ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹിന്ദി അധ്യാപികയായിരിക്കെയാണ് നോമ്പെടുക്കാൻ തുടങ്ങിയത്. ആദ്യം, നോമ്പെടുക്കുന്ന കുട്ടികളുമായും സഹപ്രവർത്തകരുമായും സംസാരിച്ച് അനുഭവങ്ങൾ മനസ്സിലാക്കി. തുടക്കത്തിൽ ഉച്ചവരെ വ്രതമെടുത്തു. ക്ഷീണം തോന്നിയപ്പോൾ ഉച്ചക്ക് അവസാനിപ്പിച്ചു. ചില ദിവസങ്ങളിൽ ക്ഷീണം സഹിച്ച് സന്ധ്യവരെ പിടിച്ചുനിന്നു. പിന്നെ ഇടവിട്ട ദിവസങ്ങളിൽ വ്രതമെടുത്ത് മുഴുമിപ്പിച്ചു. നോമ്പ് മുഴുമിപ്പിച്ച ആ ദിവസം മറക്കാൻ കഴിയില്ലെന്ന് ഉഷ ടീച്ചർ പറയുന്നു. ശരീരത്തിന് വല്ലാത്ത ഊർജമാണ് റമദാൻ മാസത്തിലെ വ്രതം നൽകുന്നത്. ചെറിയ പ്രയാസങ്ങൾ ഉണ്ടെങ്കിലും ജോലിക്കും മറ്റു തുടർപ്രവർത്തനങ്ങൾക്കുമുള്ള ഉന്മേഷം ലഭിക്കുന്നതായ ഒരുപാട് അനുഭവങ്ങളുണ്ടെന്നും അതാണ് പ്രേരണ നൽകുന്നതെന്നും ടീച്ചർ പറഞ്ഞു. 2004 മുതൽ തുടർച്ചയായി വ്രതമെടുത്തു വരുന്നുണ്ട്. ആ സമയത്ത് നൂറുൽ ഇസ്‍ലാം എ.എ.എൽ.പി സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന ഭർത്താവ് എം.കെ. രവീന്ദ്രൻ നമ്പ്യാരും വ്രതമെടുക്കാൻ തുടങ്ങി. അത്താഴം കഴിക്കാൻ നാലുമണിക്ക് എഴുന്നേൽക്കും. ചപ്പാത്തിയും ചോറുമൊക്കെയാണ് അത്താഴം. സന്ധ്യക്ക് പള്ളിയിൽനിന്ന് ബാങ്ക് കൊടുക്കുമ്പോൾ കാരക്കയും നാരങ്ങവെള്ളവും ചെറുപഴവും കഴിച്ചാണ് വ്രതം അവസാനിപ്പിക്കാറുള്ളത്. ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ല വനിത കോഓഡിനേറ്റർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ല കമീഷണർ (റേഞ്ചർ), ട്രാക്ക് വൈസ് പ്രസിഡന്‍റ്, ഓയിസ്ക ഇന്റർനാഷനൽ സിറ്റി ചാപ്റ്റർ വൈസ് പ്രസിഡന്‍റ് തുടങ്ങിയ സ്‌ഥാനങ്ങളും വഹിക്കുന്നുണ്ട് ഉഷ ടീച്ചർ. വിവിധ മേഖലകളിലായി പ്രധാന മന്ത്രിയുടേതടക്കം 18 പുരസ്കാരങ്ങൾ ഇവർ നേടിയിട്ടുണ്ട്. ഗൈഡ് പ്രവർത്തനത്തിന് അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചിരുന്നു. 18 വർഷത്തിനിടെ ഏറ്റവും കടുപ്പമേറിയ റമദാൻ വ്രതമാണ് ഇപ്രാവശ്യത്തേത്. കത്തിയാളുന്ന വേനൽചൂടിനിടയിലും വ്രതമെടുക്കുകവഴി അതിന്റെ ആത്മീയ വിശുദ്ധിയിലൂടെയുള്ള ഊർജം അനുഭവിക്കാൻ കഴിയുന്നതായി ഉഷ ടീച്ചർ പറയുന്നു. ടീച്ചറുടെ ഏക മകൻ അതുൽ കൃഷ്ണ രവീന്ദ്രൻ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. knhd usha teacher പി.ടി. ഉഷ
Next Story