നൂറിന്റെ നിറവിലും ജി.എച്ച്.എസ്.എസിന് നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങൾ
text_fieldsകാസര്‍കോട് ജി.എച്ച്.എസ്.എസിന്റെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം
കാസര്‍കോട്: നൂറ്റാണ്ടിന്റെ നിറവിലും കാസര്‍കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സങ്കടങ്ങളേറെ. നഗരത്തിലെ സ്കൂളുകളെല്ലാം ഹൈടെക്കായി മാറുമ്പോള്‍ നഗരഹൃദയത്തിലെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ.
ഹൈസ്കൂള്‍ ഓഫിസും ലാബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ചെറിയൊരുമഴ വന്നാല്‍പോലും ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടത്തിനകത്തുള്ള രേഖകളൊന്നും സുരക്ഷിതമല്ല. എത്രയുംപെട്ടെന്ന് കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി അപകടസാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യം.
നിലവിലുള്ള കെട്ടിടങ്ങളുടെ ചുവരൊക്കെ വൃത്തിഹീനമായി. പെയിന്റ് അടിക്കാന്പോലും ഫണ്ട് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് മൂന്ന് ബ്ലോക്കുകള്‍ക്ക് സ്കൂള്‍ സ്റ്റാഫ് കൗണ്‍സിലും ഒ.എസ്.എ കമ്മിറ്റിയുമാണ് പെയിന്റിങ് നടത്തിയത്.
മറ്റുസ്കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുനല്‍കുമ്പോള്‍ നഗരഹൃദയത്തിലെ സ്കൂളിനും കുറച്ചുതുക മാറ്റിവെക്കണമെന്നും ജി.എച്ച്.എസ്.എസ് കാസർകോടിന് ആവശ്യമായ കെട്ടിടങ്ങൾ പണിത് നൽകണമെന്നും ഓവർസീസ് സ്റ്റുഡന്റ്സ് അസോസിയേഷൻ(ഒ.എസ്.എ) യോഗം ആവശ്യപ്പെട്ടു.
സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ജൂണ്‍ 14 രാവിലെ 9.30ന് അനുമോദിക്കും. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ.എസ്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണന്, ടി.എ. മഹമൂദ്, റാഫി കുന്നില്‍, കെ. ജയചന്ദ്രന്, മഹമൂദ് വട്ടയക്കാട് സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും അബ്ദുല്‍ ഷുക്കൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

