10 ലക്ഷം പേർക്ക് 100 മെഡിക്കൽ സീറ്റ്; പുതിയ മാനദണ്ഡം മെഡി. കോളജിന്റെ അംഗീകാരത്തിന് തടസ്സം
text_fieldsകാസർകോട്: ദേശീയ മെഡിക്കൽ കൗൺസിലിന്റെ പുതിയ മാനദണ്ഡം കാസർകോട് മെഡിക്കൽ കോളജിന് വിനയായേക്കും. 10 ലക്ഷം പേർക്ക് 100 മെഡിക്കൽ സീറ്റ് എന്നതാണ് പുതിയ അനുപാതം.
ഈ അനുപാതം കേരളം നേരത്തേ തന്നെ മറികടന്നതിനാൽ കാസർകോട് മെഡിക്കൽ കോളജിന് അംഗീകാരം ലഭിക്കുന്നത് പ്രയാസകരമാകും. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിൽ 3500 സീറ്റിനാണ് പുതിയ മാനദണ്ഡം അനുസരിച്ച് അർഹത. കേരളത്തിൽ 4500 മെഡിക്കൽ സീറ്റുകൾ ഉള്ളതിനാൽ ഇനി പുതിയ മെഡിക്കൽ കോളജിന് പുതിയ മാനദണ്ഡം അനുസരിച്ച് അംഗീകാരം ലഭിക്കാനിടയില്ല. നിലവിലെ മെഡിക്കൽ കോളജുകൾക്ക് തന്നെ അംഗീകാരം നഷ്ടപ്പെടുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്. കാസർകോട് മെഡിക്കൽ കോളജിൽ 100 സീറ്റിനുള്ള നടപടികളാണ് ഒരുങ്ങുന്നത്.
ആശുപത്രി ബ്ലോക്ക് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ബാക്കിനിൽക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റ് വേഗതകളൊന്നുമുണ്ടായിട്ടില്ല. സാമ്പത്തിക ഞെരുക്കത്തിൽ പെട്ട് നട്ടം തിരിയുന്ന സംസ്ഥാന സർക്കാർ പണം അനുവദിച്ചാൽ തന്നെ ഇനിയും വർഷങ്ങൾ എടുക്കും. അതോടെ കാസർകോട് മെഡിക്കൽ കോളജിനുള്ള നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാതെയാകും. സാമ്പത്തിക ഞെരുക്കത്തിൽപെട്ട് നട്ടം തിരിയുന്ന സർക്കാറിന് മെഡിക്കൽ കോളജിന് കൂടുതൽ തുക അനുവദിക്കുന്നത് തടയുന്നതിന് ദേശീയ മെഡിക്കൽ മിഷൻ നയം ഒരു ഉപാധിയുമാകും. 2012ലാണ് കാസർകോട് മെഡിക്കൽ കോളജിന് അനുമതി ലഭിക്കുന്നത്.
ജില്ലയിലെ ചികിത്സ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാവുന്ന തരത്തിൽ പ്രഖ്യാപിക്കപ്പെട്ട മെഡിക്കൽ കോളജിനെ സർക്കാർ അവഗണിക്കുകയായിരുന്നു. സമരങ്ങൾ വരുമ്പോൾ മാത്രം തുക അനുവദിക്കുന്ന നിലയിലേക്ക് മാറുകയായിരുന്നു. ആശുപത്രി ബ്ലോക്കിന്റെ നിർമാണം, ആൺകുട്ടികളുടെ ഹോസ്റ്റൽ, പെൺകുട്ടികളുടെ ഗേൾസ് ഹോസ്റ്റൽ, പെൺകുട്ടികളുടെ ഇന്റേൺസ് ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ്, അനധ്യാപക ക്വാർട്ടേഴ്സ് എന്നിവയുടെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വർക്കുകൾ, റോഡ് ലാൻഡ് സ്കേപ്പിങ് വർക്കുകൾ, വനിത ഹോസ്റ്റൽ, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയുടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ വർക്കുകൾ, ആശുപത്രിക്കായുള്ള ഉപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുടെ വാങ്ങൽ, ലൈബ്രറി, ഓഡിറ്റോറിയം, പ്രവേശന കവാടം എന്നിവയുടെ നിർമാണം, മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം എന്നീ പ്രവൃത്തികളാണ് നടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

