നീലേശ്വരം തീരദേശ മേഖലയിൽ 10 പേർക്ക് നായ്ക്കളുടെ കടിയേറ്റു
text_fieldsനീലേശ്വരം: നഗരസഭയിലെ പടിഞ്ഞാറൻ തീരദേശ മേഖലയിൽ ഭീതി പരത്തി തെരുവ് നായ്ക്കളുടെ ആക്രമണം. പത്തോളംപേരെ ഇതുവരെ നായ്ക്കൾ കടിച്ചുപരിക്കേൽപ്പിച്ചു. കടിഞ്ഞിമൂല, കൊട്ര, എ.പി റോഡ്, സ്റ്റോർ ജങ്ഷൻ എന്നിവിടങ്ങളിലാണ് നായ്ക്കൾ ആളുകളെ ആക്രമിച്ചത്.
തൈക്കടപ്പുറം സ്റ്റോർ ജങ്ഷന് സമീപം ഒരുസ്ത്രീയെ ചൊവ്വാഴ്ച രാവിലെ കടിച്ചു. കടിഞ്ഞിമൂലയിലെ സന്ദീപ്, സീത, അർച്ചന എ.പി. റോഡിലെ കദീജ, ശിവൻ, ഓർച്ചയിലെ ഇല്യാസ്, രഖിൻ, പാലിച്ചോൻ റോഡില ചന്ദ്രൻ തുടങ്ങിയവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയാണ് കടിഞ്ഞിമൂല, കൊട്ര ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ നിരവധിപേരെ കടിച്ചത്. പിന്നീട് മറ്റ് സ്ഥലങ്ങളിൽ വിട്ടുമുറ്റത്ത് നിന്നവരെയും കടിച്ചു. തൈക്കടപ്പുറം എൻ.എസ്.സി ബാങ്ക് പരിസരത്ത് ഒരുസ്ത്രീയെ നായ് ആക്രമിച്ചു. തീരദേശ കൗൺസിലർമാരും നഗരസഭ അധികൃതരും സ്ഥലത്തെത്തി. കടിയേൽക്കുന്നവർക്ക് ചികിത്സസഹായം നഗരസഭ നൽകണമെന്നും തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് നീലേശ്വരത്ത് എ.ബി.സി സെന്റർ ആരംഭിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് 30ാം വാർഡിൽ രണ്ടുപേർക്ക് കടിയേറ്റു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ 30ാം വാർഡിൽ രണ്ടുപേർക്ക് കഴിഞ്ഞദിവസം തെരുവു നായ് കടിയേറ്റു. മരക്കാപ്പ് കടപ്പുറം സ്വദേശികളായ ജനാനന്ദൻ (60), നാരായണി (60) എന്നിവരെയാണ് നായ് ആക്രമിച്ചത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭയുടെ അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി വാർഡ് കൗൺസിലർ കെ.കെ. ബാബുവിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാതയെ കണ്ടു.
മുൻ കൗൺസിലർ എം.എം. നാരായണൻ, പത്മരാജൻ ഐങ്ങോത്ത്, മനോജ് ഉപ്പിലികൈ, രാജേഷ് പുതിയവളപ്പ്, ഷിഹാബ് കാർഗിൽ, റഫീഖ് ഹാജി റോഡ് തുടങ്ങിയവർ പരാതി പറഞ്ഞു. നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. കടിച്ച നായെ പിടികൂടാനാവാത്തതിനാൽ നാട്ടുകാർ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

