Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:54 AM IST Updated On
date_range 4 Aug 2022 12:54 AM ISTആയുസ്സിന്റെ പുസ്തകത്തിന് 40; സി.വി വീണ്ടും വള്ളിക്കടവിലെത്തി
text_fieldsbookmark_border
നീലേശ്വരം: മാലോം ഗ്രാമത്തിന്റെ വിഹ്വലതകളും നെടുവീർപ്പുകളും നാലു പതിറ്റാണ്ടുമുമ്പ് 'ആയുസ്സിന്റെ പുസ്തക'ത്തിലൂടെ മലയാള സഹൃദയ ലോകത്തിന് പകർത്തിക്കൊടുത്ത സി.വി. ബാലകൃഷ്ണൻ അന്നു താൻ വിലയിച്ച വഴികളിലൂടെ ഇന്നലെ വീണ്ടും നടന്നുനീങ്ങി. ആനിയും ഫാ. മാത്യുവും (കൊച്ചച്ചൻ) പ്രണയത്തിന്റെ പൂത്തുമ്പികളെ പറത്തിക്കളിച്ച പള്ളിമുറ്റം (സൻെറ് ജോർജ് ചർച്ച്, മാലോം), റാഹേലും യോഹന്നാനും ഒന്നിച്ചിരുന്ന് പഠിച്ച പള്ളിക്കൂടപ്പടി (ജി.എച്ച് എസ്.എസ് മാലോത്തുകസ്ബ), യോഹന്നാന്റെ വിജൃംഭിത വികാരങ്ങൾ വീണുടഞ്ഞുചിതറിയ ചൈത്രവാഹിനിപ്പുഴയിലെ കല്ലങ്കയം......സി.വി ഓർമകളിലും എഴുത്തുകളിലും സ്വയം നഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു ഇന്നലത്തെ പകൽ. 1982ൽ രചന പൂർത്തീകരിച്ച ആയുസ്സിന്റെ പുസ്തകം നോവലിന്റെ നാല്പതാം വാർഷികാഘോഷങ്ങൾക്ക് വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം പ്രവർത്തകർ സെപ്റ്റംബറിൽ തുടക്കം കുറിക്കാനിരിക്കെ രചയിതാവിന്റെ സന്ദർശനം നാട്ടിൽ കൗതുകവും ആഹ്ലാദവും പരത്തി. സുഹൃത്തുക്കളായ എഴുത്തുകാർ താഹ മാടായിയും സജി ജെയിംസും ഒപ്പമുണ്ടായിരുന്നു. കസ്ബ യുവജന കേന്ദ്രം പ്രവർത്തകരായ എം.പി. രാജൻ നാട്ടക്കൽ, സി.കെ. ബാലകൃഷ്ണൻ കൊന്നക്കാട്, ബാബു തെക്കേൽ മാലോം, ടോം ക്രിസ്ത്യാനോ ജോർജ്, ജോർജുകുട്ടി തോമസ് മാടപ്പള്ളി എന്നിവർ സഹയാത്രികരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story