Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രായം 15; വായിച്ച...

പ്രായം 15; വായിച്ച പുസ്തകങ്ങൾ 600, എഴുതിയത്​ 11, ഉജ്ജ്വല ബാലികയായി സിനാഷ

text_fields
bookmark_border
കാസർകോട്​: വായിച്ച പുസ്തകങ്ങൾ 600, എഴുതിയ പുസ്തകങ്ങൾ 11 എണ്ണം, 15 വയസ്സിനുള്ളിൽ ഇരുത്തംവന്ന എഴുത്തുകാരെ പോലും വിസ്മയിപ്പിക്കുന്ന ബാല്യമായി സിനാഷയുടേത്​. വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം 2020 പുരസ്കാരം ലഭിച്ച സിനാഷയെ വനിതാ ശിശുക്ഷേമവകുപ്പ്​ വനിതദിനത്തിൽ ആദരിച്ചു. 2007 ഒക്ടോബർ 29ന്​ ജനിച്ച സിനാഷ കാസർകോട്​ ഗവൺമെന്‍റ്​ ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്​. മായിപ്പാടിയിലെ ശ്രീകുമാറിന്‍റെയും സ്മിതയുടെയും മകളാണ്​. ഒന്നാം ക്ലാസ് മുതൽ മലയാളം മീഡിയം സർക്കാർ വിദ്യാലയത്തിലായിരുന്നു പഠനം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്​ സോങ് ഓഫ് ദ റിവർ എന്ന നോവൽ എഴുതിയത്​. ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, എ ഗേൾ ആൻഡ് ദ ടൈഗേഴ്സ് (ഇംഗ്ലീഷ്), പൂവണിയുന്ന ഇലച്ചാർത്തുകൾ, കടലിന്‍റെ രഹസ്യം, ഒരു തളിരിലയും ഒരുതുള്ളി നിലാവും, ചെമ്പനീർപ്പൂക്കൾ (ആൻ ഫ്രാങ്കിന്റെ ജീവിതം പ്രമേയമായ നോവൽ) എന്നിവ അച്ചടിമഷിപുരണ്ടുകഴിയുമ്പോൾ പച്ചനിറമുള്ളവൾ, കാടും കനവും, ടെർമിനാലിയ പാനിക്കുലേറ്റ (ഇംഗ്ലീഷ് നോവൽ), എ ലയൺ ആൻഡ്​ ഫ്രണ്ട്സ്, റ്റ്വന്റിഫിഫ്ത് സ്റ്റെപ്സ്, റെഡ് ആൻഡ്​ പിങ്ക് എന്നിവ അച്ചടിയിലാണ്​. നോവലിനു പുറമേ കഥകൾ, കവിതകൾ, ഡയറിക്കുറിപ്പുകൾ, വായനക്കുറിപ്പുകൾ, സിനിമാക്കുറിപ്പുകൾ, കളിവിവരണങ്ങൾ, ഇംഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവയെല്ലാം എഴുതുന്നുണ്ട്. രണ്ടാം ക്ലാസ് മുതൽ ഡയറിക്കുറിപ്പുകൾ മുടങ്ങാതെ എഴുതുന്നു. സ്വന്തമായി പഠിച്ചെടുത്തരീതിയിൽ ധാരാളം പെയിന്റിങ്ങുകളും സിനാഷ വരച്ചിട്ടുണ്ട്. സ്കൂൾ കലോത്സവത്തിൽ ജില്ലതലത്തിൽ ചിത്രംവരയിൽ സമ്മാനം നേടിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച നോവലുകളുടെ ചിത്രീകരണവും കവർ ചിത്രങ്ങളും സിനാഷയുടെതന്നെ വരയാണ്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അനായാസം മൊഴിമാറ്റം ചെയ്യാനുള്ള കഴിവ്​ വിസ്മയിപ്പിക്കുന്നു. എഡ്മണ്ട് സ്പെൻസർ എഴുതിയ 'എപ്പിത്തലാമിയൻ' എന്ന നൂറ്റാണ്ടിലെ ഇതിഹാസ കവിത മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ 'ഇപ്പുറത്ത്' എന്ന മലയാളം കവിത ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട്. നല്ല വായനക്കാരികൂടിയാണ് സിനാഷ. പാവങ്ങൾ, വാർ ആൻഡ്​ പീസ്​, അമ്മ, ഹാരി പോട്ടർ, നല്ല ഭൂമി, ഉഷ്ണരാശി, ഒരു ദേശത്തിന്‍റെ, ഷഗിബെയ്ൻ, ഒരു തെരുവിന്‍റെ കഥ, അലാഹയുടെ പെൺമക്കൾ, ഒതപ്പ്, ലൈഫ്​ ഓഫ്​ പി, പ്രണയവും മൂലധനവും, ചെഗുവേരയുടെ പുസ്തകങ്ങൾ, റഷ്യൻ ബാലസാഹിത്യ കൃതികൾ, കാട്ടുകടന്നൽ, കാരമസോവ് സഹോദരൻമാർ തുടങ്ങിയവയെല്ലാം വായിച്ചവയിൽ പെടും. സിനാഷ ലോകസിനിമയിലെ ഇരുനൂറിലധികം ക്ലാസിക് സിനിമകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. കണ്ട സിനിമകളുടെ ആസ്വാദനക്കുറിപ്പ് എഴുതി വെക്കാറുണ്ട്. ചുരുളി സിനിമയെക്കുറിച്ച് എഴുതിയ നിരൂപണം ശ്രദ്ധേയമായിരുന്നു. പി.എ.ജി മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫുട്ബാൾ ആരാധിക കൂടിയാണ് സിനാഷ. യൂറോപ്യൻ, ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ ടീമുകളെക്കുറിച്ചും കളികളെക്കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്കായി നടത്തുന്ന സംസ്ഥാന സാഹിത്യ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ജില്ല ശിശുക്ഷേമ സമിതി 2021ൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ കഥരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സിനാഷയുടെ കഥ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021ലെ ജില്ലതല സർഗോത്സവത്തിൽ സിനാഷയുടെ പുസ്തകാസ്വാദനക്കുറിപ്പ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോയൽ കോമൺവെൽത്ത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യത്സരത്തിൽ സിനാഷയുടെ കവിത തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് നൽകുന്ന എൻ.എൻ. കക്കാട് അവാർഡ് (2021) സിനാഷയുടെ 'ഒരു തളിരിലയും ഒരുതുള്ളി നിലാവും' എന്ന നോവലിന് ലഭിച്ചു. ujjwala balyam ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ സിനാഷക്കുള്ള കാഷ്​ പ്രൈസ്​ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത്​ രൺവീർ ചന്ദ്​ സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story