Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആംബുലൻസ് ഡ്രൈവറില്ല;...

ആംബുലൻസ് ഡ്രൈവറില്ല; സി.പി.എം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
നീലേശ്വരം: ആംബുലൻസിന് മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവറെ നിയമിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസിലാണ് പ്രതിഷേധസമരം നടന്നത്. എം. രാജഗോപാലൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് വെസ്റ്റ് എളേരിയിലെ നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകിയത്. ഇത് സ്ഥാപനത്തിന് കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവറെ നിയമിക്കാൻ പഞ്ചായത്ത് തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി യോഗം നടക്കുന്നതറിഞ്ഞ് സി.പി.എം പ്രവർത്തകർ ഓഫിസിൽ എത്തിയത്. ഇതിനിടെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെടെ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിവന്ന് നേതാക്കളുമായി സംസാരിച്ച്, അടുത്ത ദിവസം മുതൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്താമെന്ന് ഉറപ്പുനൽകിയശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ഗിരിജ മോഹനൻ, വൈസ് പ്രസിഡന്‍റ്​ പി.സി. ഇസ്മായിൽ, സെക്രട്ടറി പങ്കജാക്ഷൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.ആർ. ചാക്കോ, ഏരിയ സെക്രട്ടറി ടി.കെ. സുകുമാരൻ, ഏരിയ കമ്മിറ്റി അംഗം സ്കറിയ അബ്രഹാം, ലോക്കൽ സെക്രട്ടറി കയനി ജനാർദനൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. ജോസ്, ബിന്ദു മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പടം: nlr ambulance നർക്കിലക്കാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിന് ഡ്രൈവറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നു
Show Full Article
Next Story