Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 11:58 PM GMT Updated On
date_range 7 May 2022 11:58 PM GMTകുഴല്‍ക്കിണറില്‍നിന്ന് പമ്പുസെറ്റ് ഉയർത്താൻ യന്ത്രവുമായി കർഷകൻ
text_fieldsbookmark_border
കാസർകോട്: കുഴല്‍ക്കിണറില്‍ ഇറക്കിവെച്ച പമ്പുസെറ്റുകളും മറ്റും കേടായാല്‍ പുറത്തേക്ക് വലിച്ചെടുക്കുന്നതിനുള്ള സംവിധാനവുമായി യുവകർഷകൻ. കുംബഡാജെ മുനിയൂരിലെ കര്‍ഷകനും മെക്കാനിക്കുമാണ് ഇ. സുഹീഷ്. പെരിയ ഗവ. പോളിടെക്‌നിക് കോളജില്‍ പഠിച്ചിരുന്ന കാലത്ത് ആറാം സെമസ്റ്ററിലെ വര്‍ക്കിങ് പ്രൊജക്ട് എന്ന നിലയിലാണ് സുഹീഷ് യന്ത്രസംവിധാനം അവതരിപ്പിച്ചത്. വ്യാപകമായ അംഗീകാരം ലഭിച്ചതോടെ ഇപ്പോള്‍ സൗകര്യപ്രദമായ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി. സംസ്ഥാന സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന എൻെറ കേരളം പ്രദര്‍ശനമേളയില്‍ പെരിയ പോളിടെക്‌നിക് ഒരുക്കിയ സ്റ്റാളിലാണ് സുഹീഷിൻെറ കണ്ടുപിടിത്തം പ്രദര്‍ശിപ്പിച്ചത്. സ്റ്റാന്‍ഡില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുവശത്തും ചക്രങ്ങളോടുകൂടിയ ഷാഫ്റ്റും അതുമായി ഘടിപ്പിച്ച ചക്രങ്ങളും ഒരു മോട്ടോറുമാണ് യന്ത്രസംവിധാനത്തിന്റെ പ്രധാന ഭാഗങ്ങള്‍. കുഴല്‍ക്കിണറില്‍ ഇറക്കിെവച്ചിട്ടുള്ള പമ്പ്‌സെറ്റില്‍ നിന്നുള്ള കയര്‍ ഈ ഷാഫ്റ്റില്‍ ബന്ധിപ്പിച്ചശേഷം പുറത്തുനിന്നുള്ള വൈദ്യുതിസംവിധാനം ഉപയോഗിച്ച് യന്ത്രസംവിധാനത്തിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഷാഫ്റ്റ് അതിവേഗതയില്‍ കറങ്ങുകയും അതിനൊപ്പം കയര്‍ അതില്‍ ചുറ്റിക്കൊണ്ട് കുഴല്‍ക്കിണറിലെ പമ്പ്‌സെറ്റ് ഉയര്‍ന്നുവരുകയും ചെയ്യും. അതോടൊപ്പം ഉയര്‍ന്നുവരുന്ന പൈപ്പ് പിടിക്കാന്‍ മാത്രം കരയില്‍ ആളുണ്ടായിരുന്നാല്‍ മതി. ഷാഫ്റ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബെയറിങ്ങുകളുടെ എണ്ണം കൂട്ടിയാല്‍ എത്ര ആഴമുള്ള കുഴല്‍കിണറില്‍ നിന്നും അനായാസം പമ്പ്‌സെറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. ബെയറിങ്ങുകളുടെ പ്രവര്‍ത്തനം മൂലം പമ്പ്‌സെറ്റിന്റെ ഭാരം യന്ത്രസംവിധാനത്തിനു മേല്‍ അനുഭവപ്പെടുന്നുമില്ല. ഈ യന്ത്രസംവിധാനം ഒന്നുകൂടി മിനുക്കിയെടുത്ത് ആവശ്യക്കാര്‍ക്ക് നിര്‍മിച്ചുനല്കുന്നതിനുള്ള ഒരുക്കത്തിലാണ് സുഹീഷ്. ഫോട്ടോ: കുഴല്‍കിണറുകളില്‍ നിന്നും പമ്പ്‌സെറ്റുകളും മറ്റും എളുപ്പത്തില്‍ ഉയര്‍ത്തിയെടുക്കുന്നതിനായി ഇ. സുഹീഷ് വികസിപ്പിച്ചെടുത്ത യന്ത്രസംവിധാനം
Next Story