Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:33 AM IST Updated On
date_range 5 May 2022 5:33 AM ISTഎക്സൈസ് ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
ഉദുമ: അനധികൃത മദ്യ വില്‍പന നടക്കുന്ന വിവരമറിഞ്ഞ് വീട്ടില്‍ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ വളര്‍ത്തു പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തില്‍നാലു പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് കൈനോത്തെ ഡി.കെ. അജിത് (32), സജിത (39) എന്നിവരെയാണ് സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൈനോത്തെ വീട്ടില്‍ അനധികൃതമായി മദ്യവില്‍പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫിസര്‍ എം.കെ. ബാബുകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ഇ.കെ. ബിജോയ് (46), കെ.എം. പ്രദീപ് (49) എന്നിവരാണ് അക്രമത്തിനിരയായത്. കൈനോത്തെ ഉദയന്‍, ഭാര്യ സജിത, ബന്ധുവായ അജിത്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഉദയന്‍ ഒളിവിലാണെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ട് ഉദയന്റെ വീടിന് മുന്നില്‍ വെച്ച് ഇരുചക്രവാഹനത്തില്‍ മദ്യവിൽപന നടത്തുകയാണെന്ന വിവരം ലഭിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അജിത്തിനെ റിമാൻഡ് ചെയ്തു. സജിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story