Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപള്ളിക്കര റെയിൽവേ...

പള്ളിക്കര റെയിൽവേ മേൽപാലം: വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങി

text_fields
bookmark_border
നീലേശ്വരം: പണിതീരാത്ത പള്ളിക്കര മേൽപാലത്തിന് ഒടുവിൽ റെയിൽവേ പച്ചക്കൊടി വീശി. പള്ളിക്കര റെയിൽവേ പാളത്തിന്‍റെ മുകളിൽ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിനു മുമ്പായി വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പാളത്തിന്‍റെ ഇരുവശങ്ങളിലുമുള്ള 11 തൂണുകൾ മാറ്റേണ്ടതുണ്ട്. ഇതിനു മുന്നോടിയായി ആദ്യം 11 പുതിയ തൂണുകൾ സ്ഥാപിക്കണം. ഇതിനുശേഷം വൈദ്യുതിബന്ധം സ്ഥാപിച്ചശേഷം പഴയ തൂണുകൾ നീക്കംചെയ്യും. ഒരാഴ്ചക്കകം തൂണുകൾ മാറ്റിസ്ഥാപിക്കുന്ന പണി അവസാനിക്കും. ഇതു കഴിഞ്ഞാൽ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങാനാകും. അതിന് മുമ്പായി റെയിൽവേ അധികൃതരെത്തി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പ്രവൃത്തിയുടെ 80 ശതമാനം പൂർത്തീകരിച്ച് മേൽഭാഗത്തെ ഗർഡർ സ്ഥാപിക്കുന്നതിന് ദീർഘനാളായി കാത്തിരിക്കുന്നു. റെയിൽപാളത്തിന് മുകളിലും ഇരുഭാഗങ്ങളിലുമായി 18 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്. ഓരോ പ്രവൃത്തിക്കുശേഷവും റെയിൽ സുരക്ഷാവിഭാഗമെത്തി പരിശോധിച്ച്‌ റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസമാണ് മേൽപാലം പണി അനന്തമായി നീളാൻ കാരണം. വൈദ്യുതിത്തൂണുകൾ മാറ്റിയശേഷം ഗർഡർ സ്ഥാപിച്ച് പണി പൂർത്തിയാക്കാൻ നാലുമാസമെങ്കിലും കാത്തിരിക്കണം. മേൽപാലം പൂർത്തിയാകാൻ ഇനി ഒരു മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കണം. മേൽപാലം പണി അനന്തമായി നീളുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുകയും രാജ്മോഹൻ എം.പി പാർലമെന്‍റ്​ ബഹിഷ്‌കരിച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സാങ്കേതിക തടസ്സങ്ങളുടെ കുരുക്കഴിഞ്ഞത്. കൊല്ലം റെയിൽ കൺസ്ട്രക്ഷൻ കമ്പനി ഉടമ അബ്ദുൽ ലത്തീഫാണ് വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കാനുള്ള കരാർ ഏറ്റെടുത്ത് നടത്തുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ആറുവരി മേൽപാലമാണ് യാത്രക്കാർക്ക് തുറന്നുകൊടുക്കാൻ തയാറായിനിൽക്കുന്നത്. എറണാകുളം ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. 65 കോടി രൂപയാണ് നിർമാണത്തിനായി അനുവദിച്ചത്. പടം nlr railwayപള്ളിക്കര റെയിൽവേ മേൽപാലം നിർമാണത്തിന്‍റെ ഭാഗമായി പാളത്തിന് സമീപത്തെ വൈദ്യുതിത്തൂണുകൾ മാറ്റൽ പ്രവൃത്തി
Show Full Article
Next Story