Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 11:58 PM GMT Updated On
date_range 22 April 2022 11:58 PM GMTബേക്കൽ റെസ്റ്റ് ഹൗസ് റെസ്റ്റിലാണ്...
text_fieldsbookmark_border
കാസർകോട്: ജില്ലയുടെ വിലാസമായ ബേക്കൽ കോട്ടയിൽ എത്തുന്നവർ ചോദിക്കുന്ന കാര്യമുണ്ട്. എന്തിനാണീ കെട്ടിടം ഇങ്ങനെ നിർത്തുന്നത്. മേൽക്കൂരപോലും ഏതുനിമിഷവും നിലം പൊത്താവുന്ന ബേക്കൽ റെസ്റ്റ് ഹൗസ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു. ഉടൻ നന്നാക്കും, തുറക്കും, മ്യൂസിയമാക്കും തുടങ്ങി മറുപടി കേട്ടിട്ട് സഞ്ചാരികൾക്കും മടുത്തു. ഓടും കഴുക്കോലും ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയാണ്. പ്രായമുള്ളവർ ഉൾപ്പെടെ ഇവിടെ കയറിയിരിക്കുമ്പോൾ ഭാഗ്യം കൊണ്ടുമാത്രമാണ് അപകടമില്ലാതെ രക്ഷപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1909ൽ നിർമിച്ചതാണ് കെട്ടിടം. തൂണുകളിൽ ഇപ്പോഴും ബ്രിട്ടീഷ് നിർമിതിയുടെ ശേഷിപ്പുകളുണ്ട്. മൂന്ന് അറ്റാച്ച്ഡ് ബാത്ത് റൂം, ഹാൾ, പൂമുഖം ഉൾപ്പെടെ ഉള്ളതാണ് കെട്ടിടം. പുറത്ത് രണ്ട് ശുചിമുറി, അടുക്കള, ബ്രിട്ടീഷ് കാലത്ത് കുതിരയെ കെട്ടാൻ ഉപയോഗിച്ചിരുന്ന ഷെൽട്ടർ തുടങ്ങിയ സൗകര്യങ്ങൾ വേറെ. റെസ്റ്റ് ഹൗസിലേക്ക് ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. ഈ കേബിൾ മുറിഞ്ഞ് ആറുവർഷമായതിനാൽ വൈദ്യുതിയുമില്ല. കോട്ടയുടെ അകത്തും പുറത്തുമായി 35 ഏക്കറിലേറെ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്. റെസ്റ്റ് ഹൗസും അതോടൊപ്പമുള്ള മൂന്നേക്കർ സ്ഥലവും സംസ്ഥാന സർക്കാറിന്റേതും. കെട്ടിടവും സ്ഥലവും വിട്ടുകിട്ടിയാൽ ഒരു വർഷത്തിനകം കെട്ടിടം അറ്റകുറ്റപ്പണി നടത്താമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുമുണ്ട്. കെട്ടിടം സഞ്ചാരികൾക്കായി ഉപയോഗപ്പെടുത്തി ചരിത്ര സ്മാരകമായി നിലനിർത്താനുള്ള ആവശ്യമാണ് ഉയരുന്നത്. മ്യൂസിയം ആക്കണമെന്നും ആവശ്യമുണ്ട്. ബേക്കൽ കോട്ടയിൽനിന്ന് കുഴിച്ചെടുത്ത ചരിത്ര ശേഷിപ്പുകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലോക്കറിൽ ഉണ്ട്. മ്യൂസിയമാക്കിയാൽ അതെല്ലാം ഉപയോഗപ്പെടുത്താനാവും. കെട്ടിടം അറ്റകുറ്റപ്പണി നടത്തി വിനോദസഞ്ചാരികളുടെ ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർക്ക് ബി.ആർ.ഡി.സി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. എല്ലാം പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കടന്നുപോയതല്ലാതെ ഒന്നും നടക്കുന്നില്ല. bakel rest house 1 ബേക്കൽ റെസ്റ്റ് ഹൗസിന്‍റെ മേൽക്കൂര തകർന്ന നിലയിൽ bakel rest house 2 ബേക്കൽ റെസ്റ്റ് ഹൗസ്
Next Story