Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിസ തട്ടിപ്പ് ഇരകൾക്ക്...

വിസ തട്ടിപ്പ് ഇരകൾക്ക് റഷ്യയിൽ പട്ടിണിയും മർദനവും

text_fields
bookmark_border
തൃക്കരിപ്പൂർ: 'ചുറ്റും മഞ്ഞുമലകൾ. മരങ്ങൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാത. ആകെയുള്ളത് അൽപം വെള്ളവും ബ്രെഡും...' റഷ്യയിൽനിന്ന് മാസിഡോണിയൻ അതിർത്തിയിലൂടെ രാവും പകലും നീണ്ട പലായനത്തെക്കുറിച്ച് പറയുമ്പോൾ ഉദിനൂർ മാങ്കടവത്ത് സനിൽകുമാറിന് ഉൾക്കിടിലം. വിസ തട്ടിപ്പിൽപെട്ട് റഷ്യയിലെത്തിയ അനേകം പേരിൽ ഒരാളാണ് 45കാരനായ സനിൽ. മലേഷ്യയിൽ പ്രവാസജീവിതം നയിച്ചിരുന്ന സനിൽ കോവിഡ് കാലത്ത് നാട്ടിൽ പെട്ടുപോയി. ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം നോക്കിയത്. അതിനിടയിലാണ് റഷ്യവഴി യൂറോപ്പിലെത്തിക്കുന്ന ഏജന്റിനെ ബന്ധപ്പെടുന്നത്. സുഹൃത്ത് വഴി ആയിരുന്നതിനാൽ സംശയിച്ചില്ല. കിടപ്പാടം പണയപ്പെടുത്തിയും ഓട്ടോ വിറ്റും സ്വരൂപിച്ച ഏഴുലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഷെർമറ്റയെവോ പുഷ്കിൻ എയർപോർട്ടിലെത്തിയ ഇവരെ സ്വീകരിക്കാൻ ആരും എത്തിയില്ല. പണം വാങ്ങിയ ഉമേഷിനെ ബന്ധപ്പെട്ടപ്പോൾ സ്വന്തം നിലക്ക് പത്തുദിവസം പിടിച്ചുനിൽക്കാനായിരുന്നു നിർദേശം. അവിടെ കഴിച്ചുകൂട്ടുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന തൃക്കരിപ്പൂർ വൈക്കത്തെ ബിനീഷ്, രഞ്ജിത്ത്, എം.കെ. മധു, നവീൻ എന്നിവർ തിരികെ പോന്നു. വിസ തീരാൻ ഒരാഴ്ച ബാക്കിനിൽക്കെ ആറുമണിക്കൂർ ബസ് യാത്ര ചെയ്താണ് സെർബിയയിൽ എത്തിയത്‌. അവിടെയും ആരും സഹായിക്കാൻ ഉണ്ടായില്ല. വീണ്ടും ഏജന്റിനെ ബന്ധപ്പെട്ടപ്പോഴാണ് ശുഐബിനെ ബന്ധപ്പെടുത്തിയത്. നേരത്തെ വാങ്ങിയ പണത്തിനുപുറമെ 30,000 രൂപ ബസ് ടിക്കറ്റിനും കൊടുത്തു. ബസിൽ കയറ്റുന്നതിനുമുമ്പ് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശുഐബ് വാങ്ങി. മാസിഡോണിയ അതിർത്തിയിൽ ഇറക്കിവിട്ടു. നടക്കാനായിരുന്നു പറഞ്ഞത്. എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. 15 മണിക്കൂർ മഞ്ഞുമലയിലൂടെ നടന്നു. ചെക്പോസ്റ്റിൽ പൊലീസുകാർ പരിശോധിച്ചെങ്കിലും കടത്തിവിട്ടു. അൽപം നടന്നപ്പോൾ നായ്ക്കൾ ആക്രമിച്ചു. സനിലിന്റെ ഇടത് തുടയിൽ കടിയേറ്റു. ആകെയുണ്ടായിരുന്ന ബ്രെഡ് താഴെയിട്ടപ്പോൾ നായ്ക്കളിൽനിന്ന് രക്ഷപ്പെട്ടു. പാകിസ്താനികളുടെ ഒരു കേന്ദ്രത്തിലാണ് പിന്നെ എത്തിപ്പെട്ടത്. മലകൾക്കിടയിലുള്ള ഒരു തുരങ്കത്തിലായിരുന്നു ഇവരുടെ സങ്കേതം. ഇവിടെയും പണമായിരുന്നു ആവശ്യം. 200 ഡോളർ തന്നാൽ ആതൻസിൽ എത്തിക്കാമെന്ന് ഇവർ പറഞ്ഞു. പണമില്ലെന്ന് മനസ്സിലാക്കിയതോടെ പട്ടിണിക്കിട്ടു. അനൂപിനെ ബൂട്ടുകൊണ്ട് മർദിച്ചു. ഇവരുടെ പക്കൽ നിരവധി ഇന്ത്യൻ പാസ്‌പോർട്ടും സിം കാർഡും കണ്ടതായി സനിൽ ഓർക്കുന്നു. അഞ്ചാം ദിവസം പുലർച്ച സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു. പിന്നീട്, ഇതുപോലെ പെട്ടുപോയ അനേകം മലയാളികൾ താമസിച്ച ഒരുസത്രത്തിൽ കഴിഞ്ഞു. തുടർന്ന് ഇന്ത്യൻ എംബസി വഴി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനെ സമീപിച്ചു. 28 ദിവസം കഴിഞ്ഞ് വൈറ്റ് പാസ്പോർട്ടും ടിക്കറ്റും കിട്ടിയാണ് നാട്ടിലെത്തിയത്. നാട്ടിൽനിന്ന് പാസ്പോർട്ട് പകർപ്പ് കിട്ടിയത് എളുപ്പമായി. അനൂപിന്റെ രേഖകൾ ശരിയാക്കാൻ ശ്രമം തുടരുകയാണ്. രാമന്തളിയിലെ ഉമേഷ്, ചീമേനിയിലെ ജോയ്‌സ്, തളിപ്പറമ്പിലെ ശുഐബ്, എറണാകുളത്തെ ഷൈൻ സുരേഷ്, ചെന്നൈയിലെ ശബരീഷ് എന്നിവർ ഉൾപ്പെടുന്ന തട്ടിപ്പ് ശൃംഖലയാണ് വിസ തട്ടിപ്പിനുപിന്നിൽ. ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവർ ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. tkp sanii and anoop.jpg സനിൽ കുമാറും അനൂപും (പിന്നിൽ) ആതൻസിലെ സത്രത്തിൽ. അനൂപ് ഇപ്പോഴും അവിടെ കഴിയുകയാണ്
Show Full Article
Next Story