Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:33 AM IST Updated On
date_range 25 March 2022 5:33 AM ISTപൊതുജനക്ഷേമത്തിന് ഊന്നൽ നൽകി നഗരസഭ ബജറ്റ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: അടിസ്ഥാന വികസനം, പൊതുജന ക്ഷേമം എന്നിവക്ക് ഊന്നൽ നൽകി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്. 76,78,65,557 രൂപ വരവും 61,82,14,432 രൂപ ചെലവും 14,96,51,125 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക് അവതരിപ്പിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഫ്രണ്ട് ഓഫിസ് സംവിധാനം ആരംഭിക്കും. ഇതു കൂടാതെ കുടുംബശ്രീയിൽ കഴിവും പ്രാപ്തിയുമുള്ള വളന്റിയർമാരെ കണ്ടെത്തി ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് ഭൗതിക സാഹചര്യം ഒരുക്കും. നഗരസഭയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കു പുറമേ സർക്കാർ നൽകുന്ന ഇ-ഗവേണൻസ് സർട്ടിഫിക്കറ്റുകൾ കൂടി ഫ്രണ്ട് ഓഫിസിൽ നിന്ന് ലഭ്യമാക്കും. കാർഷിക രീതിയിലെ വൈവിധ്യവത്കരണം, യന്ത്രവത്കരണം പുത്തൻ കൃഷിരീതികൾ എന്നിവയെ സംബന്ധിച്ച് കർമസേനക്ക് വിദഗ്ധ പരിശീലനം നടത്തും. ഇതിനായി കാർഷിക സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി രൂപവത്കരിക്കുമെന്ന് ബജറ്റിൽ പറയുന്നു. കുടുംബശ്രീ സംരംഭക യൂനിറ്റുകൾ രൂപവത്കരിച്ച് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കാൻ തെരഞ്ഞെടുത്ത കുടുംബശ്രീ യൂനിറ്റുകളിൽ കേരള ചിക്കൻ സ്റ്റാൻഡുകൾ അനുവദിക്കും. ഉൽപാദനത്തിൽ മിച്ചം വരുന്ന നഗരമാകാൻ പാൽ ഉൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തൊഴുത്ത് നിർമിച്ചു നൽകും. സ്കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കൽ, മെച്ചപ്പെട്ട പഠനപ്രക്രിയ ഉറപ്പാക്കാൻ സാമൂഹിക ബന്ധം സ്ഥാപിക്കൽ, തൊഴിൽ സംബന്ധമായ വിദ്യാഭ്യാസക്രമം നടപ്പാക്കൽ തുടങ്ങിയ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. അവയുടെ അടിസ്ഥാന വികസന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപ്പുവർഷം ഫണ്ട് വകയിരുത്തും. തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ ബാങ്ക് രൂപവത്കരിക്കുകയും അതുവഴി മെച്ചപ്പെട്ട തൊഴിൽ മേഖല സൃഷ്ടിക്കുകയും ചെയ്യും. കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി നഗരസഭയിൽ നടപ്പാക്കും. സംസ്ഥാന ബജറ്റിൽ നിർദേശിച്ച ഓപൺ സ്‌റ്റേഡിയത്തിന് സ്ഥലം കണ്ടെത്തും. അരയി പുഴയോരത്ത് കുടുംബശ്രീയുടെ സഹായത്തോടെ ബോട്ടിങ് സൗകര്യം സാധ്യത പരിശോധിക്കും. നീലേശ്വരം നഗരസഭയുമായി ആലോചിച്ച് പാലാഴി ഷട്ടർ കം ബ്രിഡ്ജിൽ നിന്നു പൈപ്പ് ലൈൻ വഴി വാഴുന്നോറടി കുടിവെള്ള പദ്ധതിയിലെ ടാങ്കിൽ വെള്ളമെത്തിച്ച് നഗരസഭയുടെ വ്യത്യസ്ത ഭാഗങ്ങളിലെത്തിക്കും. സൗത്തിൽ മാതോത്ത് വായനശാലയുടെ പടിഞ്ഞാറ് വശത്തെ സ്ഥലം ഉപയോഗപ്പെടുത്തി പൊതുയോഗങ്ങൾ ചേരാൻ പൊതുയിടമാക്കി മാറ്റാൻ ഇടപെടൽ നടത്തും. ഹോസ്ദുർഗ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തോട് ചേർന്നുള്ള പഴകി ദ്രവിച്ച കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഫിസ്, കോൺഫറസ് ഹാൾ നിർമിക്കുന്നത് ധനസഹായം തേടും. അർബുദ നിയന്ത്രണത്തിന്റെ ഭാഗമായി ഇ-ഹെൽത്ത് സോഫ്റ്റ് വെയർ ജില്ല മെഡിക്കൽ ഓഫിസുമായി സഹകരിച്ച് നടപ്പാക്കും. നഗരസഭാധ്യക്ഷ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story