Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 12:04 AM GMT Updated On
date_range 19 March 2022 12:04 AM GMTകുട്ടി റൈഡർമാരെ പൂട്ടാൻ പൊലീസ്
text_fieldsbookmark_border
ചെറുവത്തൂർ: കുട്ടി റൈഡർമാർക്കെതിരെ ചന്തേര പൊലീസിന്റെ നേതൃത്വത്തിൽ കർശന നടപടി തുടങ്ങി. കുട്ടി റൈഡർമാർക്ക് ഇരുചക്ര വാഹനം ഓടിക്കാൻ കൊടുത്തതിന് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഒമ്പതോളം കേസുകളാണ് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തത്. തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികൾ ലൈസൻസില്ലാതെയും ഹെൽമെറ്റില്ലാതെയും മൂന്നുപേരെ കയറ്റി യാത്ര ചെയ്യുന്നത് റോഡപകടങ്ങൾ കൂടാൻ ഇടയാക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പരിശോധന കർശനമാക്കിയത്. സ്കൂൾ അധ്യയന വർഷം അവസാനിക്കാറാകുമ്പോഴാണ് കുട്ടികൾ അപകടകരമായ തരത്തിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. ഇങ്ങനെയുള്ള സംഭവങ്ങളിൽ വാഹനത്തിന്റെ ഉടമസ്ഥനെതിരെയും വാഹനം ഓടിക്കാൻ അനുവദിച്ച മാതാപിതാക്കൾക്കെതിരെയുമാണ് കേസെടുക്കുക. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ കോടതി 25,000 രൂപ വരെ പിഴ ഈടാക്കുന്നുണ്ട്. അപകട മരണങ്ങൾ വർധിക്കുന്നതും കൗമാരക്കാർ അതിലുൾപ്പെടുന്നതും നിസ്സാരമാക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ചന്തേര സ്റ്റേഷൻ പരിധിയിൽ, നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ താക്കീതാണ് പൊലീസ് നൽകുന്നത്. വാടകക്കെടുത്ത വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ച് അപകടം വരുത്തിയതിനാൽ പിഴ അടക്കേണ്ടി വരുന്നത് വാഹന ഉടമകളും കുട്ടികളുടെ ബന്ധുക്കളുമാണ്. ഇരുചക്ര വാഹനങ്ങൾ വാങ്ങി സ്കൂളിലേക്കും കോളജിലേക്കും അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടും അധ്യാപകർക്കോ രക്ഷിതാക്കൾക്കോ കുട്ടികളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയുന്നില്ലെന്നുള്ളത് അപകടങ്ങൾ കൂടാൻ ഇടയാക്കുന്നു. റോഡ് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ തലങ്ങും വിലങ്ങും വണ്ടിയോടിക്കുന്നതും റോഡ് സുരക്ഷ നിർദേശങ്ങൾ പാലിക്കേണ്ടതും വാഹന വകുപ്പും പൊലീസും നിരന്തരം പറഞ്ഞിട്ടും പട്ടണങ്ങളിൽപോലും നഗ്നമായ നിയമലംഘനം തന്നെയാണ് കുട്ടികൾ തുടരുന്നതെന്ന് നാട്ടുകാർ പറയുന്നു.
Next Story