Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:29 AM IST Updated On
date_range 9 March 2022 5:29 AM ISTരക്ഷാകർതൃ ശിൽപശാലകൾ സജീവം; ഉല്ലാസ ഗണിതത്തിനായി കിറ്റൊരുക്കം
text_fieldsbookmark_border
ചെറുവത്തൂർ: ഗണിതപഠനം എളുപ്പവും രസകരവുമാക്കാൻ സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് വിദ്യാലയങ്ങളിലെല്ലാം ആവേശകരമായ പ്രതികരണം. ഉല്ലാസ ഗണിതത്തിലെ കളികൾ പരിചയപ്പെടുത്തുന്നതിനും പഠനോപകരണ കിറ്റ് ഒരുക്കുന്നതിനും മികച്ച പങ്കാളിത്തത്തോടെ രക്ഷാകർതൃ ശിൽപശാലകൾ സജീവം. കോവിഡ് കാലത്തുണ്ടായ പഠന വിടവുകൾ ഉൾപ്പെടെ നികത്താനാകുന്ന വിധത്തിൽ ഒന്ന്, രണ്ട് ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിരുന്ന പദ്ധതി വീടുകളിലേക്ക് കൂടി എത്തുന്നുവെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. സംഖ്യ കാർഡുകൾ, ചിത്രങ്ങളുള്ള ഗെയിം ബോർഡുകൾ, സങ്കലന വ്യാഖ്യാന കാർഡുകൾ എന്നിവയെല്ലാം ഉപയോഗിച്ച്, കളികളിലൂടെ കണക്ക് പഠിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കും. കുട്ടികൾക്ക് സ്വയംപഠിക്കാൻ അവസരമൊരുക്കുകയും സമ്പൂർണ ഗണിതശേഷി ആർജിക്കാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഉല്ലാസഗണിതത്തിനായുള്ള പഠനോപകരണങ്ങൾ ഓരോ കുട്ടിക്കും സൗജന്യമായാണ് നൽകുന്നത്. ഇത് കിറ്റുകളിലാക്കി രക്ഷിതാക്കൾക്ക് കൈമാറുന്നു. എല്ലാ കുട്ടികൾക്കും അടിസ്ഥാന ഗണിതശേഷി ഉറപ്പാക്കാനുള്ള ദൈനംദിന പരിപാടികളാണ് ഉല്ലാസഗണിതം പദ്ധതിയിലുള്ളത്. അക്കങ്ങൾ പഠിക്കാനും ഒപ്പം ക്രിയകൾ ചെയ്യാനും കുട്ടികളെ ഇതുവഴി പര്യാപ്തരാക്കും. വീട്ടിൽനിന്നും ഗണിത കളികളിൽ ഏർപ്പെടാൻ സഹായിക്കും വിധത്തിൽ വിഡിയോകളും തയാറാക്കിയിട്ടുണ്ട്. ഇതുകണ്ട് രക്ഷിതാക്കൾക്കും ഗണിതകളികൾ എളുപ്പം മനസ്സിലാക്കാം. പൊതാവൂർ എ.യു.പി സ്കൂളിൽ നടന്ന രക്ഷാകർതൃ ശിൽപശാല ചെറുവത്തൂർ ബി.പി.സി വി.എസ്. ബിജുരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ കെ.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അനൂപ് കുമാർ കല്ലത്ത്, വിനയൻ പിലിക്കോട് എന്നിവർ നേതൃത്വം നൽകി. സി. ശശികുമാർ, വി.വി. മനോജ് കുമാർ, എം. രാഗിണി, രാജൻ മയ്യിൽ എന്നിവർ സംസാരിച്ചു. പടം : പൊതാവൂർ എ.യു.പി സ്കൂളിൽ തയാറാക്കിയ ഗണിത കിറ്റുമായി രക്ഷിതാക്കൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story