Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:32 AM IST Updated On
date_range 5 March 2022 5:32 AM ISTഎ.കെ.ജിയുടെ നിഴലും പാരമ്പര്യവും ഇനി സി.പി.എം നേതൃനിരയിലില്ല
text_fieldsbookmark_border
പി. കരുണാകരൻ ക്ഷണിതാവാകും കാസർകോട്: എ.കെ.ജിയുടെ നിഴലായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായും പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്തേക്കുമെത്തിയ പി. കരുണാകരന് പടിയിറക്കം. സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇനി ക്ഷണിതാവായി തുടരാം. കാസർകോട് ജില്ല രൂപവത്കൃതമായശേഷം സി.പി.എമ്മിന്‍റെ ഉയർന്ന പദവിയിലെത്തിയ ഏക നേതാവ് പി. കരുണാകരനായിരുന്നു. പാർട്ടിയിൽ ബിരുദാനന്തര ബിരുദമുള്ള ചുരുക്കം നേതാക്കളിലൊരാൾ. വളരെ ചെറുപ്പം മുതൽ കമ്യൂണിസ്റ്റു പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പി. കരുണാകരൻ എ.കെ.ജിയുടെ മകൾ ലൈലയെയാണ് വിവാഹം കഴിച്ചത്. ഇതോടെ സി.പി.എം നേതൃനിരയിൽ എ.കെ.ജിയുടെ നിഴലും പാരമ്പര്യവും പി. കരുണാകരനായി. ഒരിക്കലും ആ പേരിനു ദോഷമുണ്ടാക്കുന്ന വിവാദങ്ങളിൽ കരുണാകരൻ ഉണ്ടായിരുന്നില്ല. വേറിട്ട ശബ്ദം ഉയർത്താതെ, പാർട്ടിയുടെ കൂടെയും അവർക്ക് വഴങ്ങിയും കരുണാകരൻ നിന്നു. തൃക്കരിപ്പൂരിൽനിന്ന് ഒരുതവണ മത്സരിച്ച് എം.എൽ.എയായ കരുണാകരൻ പാർട്ടി പത്രത്തിന്‍റെ ജനറൽ മാനേജറായിരുന്നിട്ടുണ്ട് ഏറെനാൾ. പിന്നാലെയാണ് കാസർകോട് പാർലമെന്‍റിൽ സ്ഥാനാർഥിയാകുന്നത്. 2019 വരെ 15 വർഷം പാർലമെന്‍റിനെ പ്രതിനിധാനംചെയ്ത പി. കരുണാകരൻ സി.പി.എം ഏറ്റവും ദുർബലമായ സാഹചര്യത്തിൽ പാർലമെന്‍റിൽ പാർട്ടിയുടെ ശബ്ദമായി. പാർലമെന്‍ററി പാർട്ടി നേതാവും ഉപനേതാവുമായിരുന്നു. ഇദ്ദേഹത്തെ നിയമസഭയിലേക്ക് മത്സരിപ്പിച്ച് മന്ത്രിയാക്കണമെന്ന ആവശ്യം പലതവണ ഉയർന്നിരുന്നുവെങ്കിലും നടന്നില്ല. കാസർകോട് ജില്ലയുടെ പിന്നാക്കാവസ്ഥയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കരുണാകരനു കഴിഞ്ഞു. എൻഡോസൾഫാൻ വിഷയത്തിലും അദ്ദേഹം ഇടപെട്ടു. എന്നാൽ, കരുണാകരനുശേഷം കാസർകോട് ജില്ലയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് ആളില്ലാതെ പോയത് ജില്ലയിലെ സി.പി.എമ്മിനു ക്ഷീണമായി. കെ.പി. സതീഷ് ചന്ദ്രൻ സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും നടന്നില്ല. മറിച്ച് സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ എണ്ണം കാസർകോട് ജില്ലക്ക് കുറയുകയായിരുന്നു. -രവീന്ദ്രൻ രാവണേശ്വരം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story