Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 12:00 AM GMT Updated On
date_range 5 March 2022 12:00 AM GMTകുഞ്ഞുങ്ങളുടെ വൃക്ക മാറ്റിവെക്കൽ; ആസ്റ്റർ മിംസിൽ സൗജന്യം
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ 14 വയസ്സിനുതാഴെയുള്ള, നിർധന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് സൗജന്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിക്കൊടുക്കുമെന്ന് ആസ്റ്റർ മിംസ് ഒമാൻ -കേരള ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർധന കുടുംബാംഗമാണെന്ന് കാസർകോട് പ്രസ് ക്ലബ് അധികാരികൾ സാക്ഷ്യപ്പെടുത്തുന്ന കത്തുമായി നേരിട്ട് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ബന്ധപ്പെടാം. വൃക്ക സംബന്ധമായ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ചികിത്സ ആനുകൂല്യങ്ങളും ലഭ്യമാകും. കാസർകോട് പ്രസ് ക്ലബ് അധികാരികളുടെ സാക്ഷ്യപത്രം കേരളത്തിലെ ഏത് ആസ്റ്റർ ഹോസ്പിറ്റലുകളിലെത്തിച്ചാലും ഈ ആനുകൂല്യം ലഭ്യമാക്കും. ആർ.ഡി.എം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, ആഗോള തലത്തിൽ പ്രവർത്തിക്കുന്ന വിശ്വസ്തരായ സന്നദ്ധ സംഘടനകൾ, ക്രൗഡ് ഫണ്ടിങ് ഏജൻസികൾ, സാമൂഹിക പ്രതിബദ്ധതയുള്ള സുമനസ്കർ തുടങ്ങിയവരുടെ സഹായവും ചേർത്താണ് ഇത്തരം സൗജന്യ പദ്ധതി നടപ്പിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൃക്ക നൽകാൻ ദാതാവുണ്ടാവുകയും എന്നാൽ മാച്ചിങ് അല്ലാത്തതുമൂലം വൃക്ക സ്വീകരിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇതേ അവസ്ഥയെ അഭിമുഖീകരിക്കുന്ന മറ്റെവിടെയെങ്കിലുമുള്ള രോഗിക്ക് ഈ ദാതാവിന്റെ വൃക്ക അനുയോജ്യമാവുകയും ആ രോഗിയുടെ ദാതാവിന്‍റെ വക ഒന്നാമത്തെ വ്യക്തിക്ക് അനുയോജ്യമാവുകയും ചെയ്യുകയാണെങ്കിൽ ഇവർക്ക് പരസ്പരം വൃക്ക കൈമാറ്റം ചെയ്ത് ശസ്ത്രക്രിയ നടത്താം. 'സ്വാപ് ട്രാൻസ്പ്ലാന്റ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനായി വൃക്ക ചികിത്സ രംഗത്ത് പ്രവർത്തിക്കുന്ന ഫാ. ഡേവിസ് ചിറമ്മലിന്‍റെ നേതൃത്വത്തിൽ 'ഹോപ് രജിസ്ട്രി' എന്ന പേരിൽ ഒരു ----------------------സ്ഥാനം രൂപവത്കരിച്ചിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് പരസ്പരം അനുയോജ്യരായവരെ കണ്ടെത്തി വൃക്കമാറ്റിവെക്കൽ നിർവഹിക്കാൻ സാധിക്കും. കേരളത്തിന്റെ വൃക്കമാറ്റിവെക്കൽ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ പദ്ധതിയുമായി ആസ്റ്റർ ഹോസ്പിറ്റലുകൾ സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫർഹാൻ യാസിൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഹോപ് അഡ്മിനിസ്ട്രേറ്റർ ഡോ. ജവാദ്, ഡോ. ജാസിർ കാസർകോട്, പ്രസ് ക്ലബ് പ്രസിഡന്‍റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി കെ.വി. പത്മേഷ് എന്നിവർ സംബന്ധിച്ചു.
Next Story