Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവ്യാജ ഓണ്‍ലൈന്‍...

വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും

text_fields
bookmark_border
കാസർകോട്: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായ പേരുകളും കളര്‍കോഡും ലോഗോയും ഉപയോഗിച്ച് ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടറുടെ നിർദേശം. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമാണ്. എന്നാല്‍ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവക്കെതിരെ നടപടിയെടുക്കാനുള്ള നിർദേശം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും നൽകിയതായി കലക്​ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. പൊതുജനങ്ങള്‍ വ്യക്തിഗത വിവരങ്ങളുമായി അപേക്ഷിക്കാൻ പോകുന്ന കേന്ദ്രങ്ങള്‍ യഥാർഥ അക്ഷയ കേന്ദ്രങ്ങളാണോ എന്ന് ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണമെന്ന് അക്ഷയ ചീഫ് കോഓഡിനേറ്ററായ കലക്ടർ അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ ഇ-ഡിസ്ട്രിക്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നില്ലെന്ന് താലൂക്ക് തഹസില്‍ദാര്‍മാര്‍ ഉറപ്പു വരുത്തി നടപടിയെടുക്കാനും ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയക്ക് സമാനമായ പേര്, കളര്‍കോഡ് എന്നിവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. മിക്ക ഓണ്‍ലൈന്‍ കേന്ദ്രങ്ങളും ഡി.ടി.പി ജോലികള്‍, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നൽകാന്‍ ലൈസന്‍സ് വാങ്ങിയതിനുശേഷം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ ഐ.ഡി ഉപയോഗിച്ച് പൊതു ജനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതായി സംരംഭകര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ തടഞ്ഞ് നടപടിയെടുക്കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. വിവിധ സര്‍ക്കാര്‍ , സര്‍ക്കാറിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റിയിലേക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കുന്നതായിരിക്കും. സഞ്ചരിക്കുന്ന ചിത്രയാത്ര പര്യടനം അവസാനിച്ചു തുളുനാട്ടില്‍ ചര്‍ച്ചയായി സംസ്ഥാന സര്‍ക്കാറിന്റെ വികസനഗാഥകള്‍ കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ വിഡിയോ പ്രദര്‍ശനവുമായി സഞ്ചരിക്കുന്ന ചിത്രയാത്രയുടെ പര്യടനം അവസാനിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ വിവിധ മേഖലകളില്‍ നാടിന്റെയും ജനങ്ങളുടെയും ഹൃദയം തൊട്ടറിഞ്ഞായിരുന്നു പര്യടനം. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസനം, സുഭിക്ഷ കേരളം , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യമേഖലയിലെ ആശുപത്രി നവീകരണം, ലൈഫ് മിഷന്‍ , ഹരിത കേരളം, കോവിഡ് കാലത്തെ ആരോഗ്യസുരക്ഷ തുടങ്ങിയ പദ്ധതികളുടെ ഹ്രസ്വ വിഡിയോകളുടെ പ്രദര്‍ശനത്തിനൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ വികസന ബോധ്യമുണ്ടാക്കാനും പര്യടനം കൊണ്ട് സാധിച്ചു. ഫെബ്രുവരി 21നാണ് മൊബൈല്‍ വിഡിയോ വാഹനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. അഞ്ച് ദിവസങ്ങളിലായി 50 പ്രദേശങ്ങളില്‍ മൊബൈല്‍ വാഹനം പര്യടനം പൂര്‍ത്തിയാക്കി. അവസാന ദിനമായ വെള്ളിയാഴ്ച്ച അരിക്കാടി, കട്ടത്തടുക്ക, അംഗഡിമുഗര്‍, പെര്‍മുഡെ, ധർമത്തടുക്ക, കണിയാല ജങ്​ഷന്‍, ബയര്‍പടവ്, ചിപ്പര്‍പടവ്, പൈവളികെ, ജോഡുക്കല്ലു, സോങ്കല്ലു, കൈക്കമ്പ, കടമ്പൂര്‍, ബായിക്കട്ട എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഫോട്ടോ: സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവുമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കിയ മൊബൈല്‍ വിഡിയോ വാഹനം കടമ്പൂരില്‍ പര്യടനം നടത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story