Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:05 AM GMT Updated On
date_range 25 Feb 2022 12:05 AM GMTപാലക്കുന്ന് ഉത്സവം: ഭരണികുറിക്കൽ വെള്ളിയാഴ്ച
text_fieldsbookmark_border
ഫോട്ടോ: uduma vaigha1, 2 പാലക്കുന്ന് ക്ഷേത്ര ഭരണിയുത്സവത്തിന് 'ഭരണികുഞ്ഞി'യാവുന്ന വി.ബി. വൈഗ 'ഭരണികുഞ്ഞി'യാവാൻ വൈഗക്ക് രണ്ടാമൂഴം ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രോത്സവത്തിന്റെ 'ഭരണി കുറിക്കൽ' ചടങ്ങ് വെള്ളിയാഴ്ച നടക്കും. എരോൽ പനയംതോട്ടത്തിലെ പ്രവാസി കെ. വിശാലാക്ഷന്റെയും കെ. ബീനയുടെയും മകൾ വി.ബി. വൈഗയെ ഭരണികുഞ്ഞായി വാഴിക്കും. ദേവിയുടെ ജന്മനക്ഷത്രമായ ഭരണിനാളിൽ ജനിച്ച പാലക്കുന്ന് കഴക പരിധിയിൽപെടുന്ന പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടിക്കായിരിക്കും ഈ നിയോഗം. ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയിലിരുത്തി ദേവിയുടെ നക്ഷത്ര പ്രതീകമായി സങ്കൽപിച്ച് ശിരസ്സിൽ അരിയും പ്രസാദവുമിട്ട് വാഴിക്കുന്നതാണ് ചടങ്ങ്. വൈഗക്ക് ഭരണികുഞ്ഞിയാകാൻ ഇത് രണ്ടാമൂഴമാണ്. തറയിലച്ചനും അനുയായികളും ബാലികയുടെ വീട്ടിലെത്തി അന്നേദിവസം രാവിലെ ഭണ്ഡാര വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഒപ്പം കുഞ്ഞിയുടെ ബന്ധുക്കളും ഉണ്ടായിരിക്കും. സ്ഥാനികരുടെയും ക്ഷേത്ര ഭാരവാഹികളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഉച്ചയോടെ അരിയിട്ട് വാഴിക്കൽ ചടങ്ങ് പൂർത്തിയാകും. ഉത്സവാരംഭം മുതൽ കൊടിയിറങ്ങുംവരെയുള്ള എഴുന്നള്ളത്തിലും അനുബന്ധ ചടങ്ങുകളിലും ആചാരസ്ഥാനികരോടൊപ്പം ഭരണികുഞ്ഞി ഉണ്ടായിരിക്കും. കരിപ്പോടി എ.എൽ.പി സ്കൂളിൽ രണ്ടാംതരം വിദ്യാർഥിയാണ് വൈഗ. കുറുംബദേവി ക്ഷേത്രങ്ങളിൽ മീനമാസത്തിലാണ് പതിവായി ഭരണി ഉത്സവങ്ങൾ നടക്കുക. പാലക്കുന്നിൽ കുംഭത്തിലാണ് ഭരണിയുത്സവം. തൃക്കണ്ണാട് ക്ഷേത്രത്തിൽ കുംഭത്തിലെ അഷ്ടമിക്ക് മുമ്പുള്ള കൃഷ്ണപഞ്ചമിക്ക് ആറാട്ടുത്സവത്തിന് കൊടിയേറുന്നതിന്റെ തുടർച്ചയായിട്ടാണ് പാലക്കുന്നിലെ ഉത്സവത്തിന്റെ തുടക്കം. അതിനാലാണ് ഇവിടെ ഉത്സവം കുംഭത്തിൽ നടക്കുന്നത്. തൃക്കണ്ണാട് കൊടിയിറങ്ങിയശേഷം പ്രതീകാത്മകമായി ആ കമ്പയും കയറും ഏറ്റുവാങ്ങിയാണ് പാലക്കുന്നിൽ തിങ്കളാഴ്ച കൊടിയേറുന്നത്. മാർച്ച് മൂന്നിനാണ് ആയിരത്തിരി ഉത്സവം. നാലിന് രാവിലെ കൊടിയിറങ്ങും.
Next Story