Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:02 AM GMT Updated On
date_range 13 Feb 2022 12:02 AM GMTപഞ്ചായത്ത് സെക്രട്ടറിയെ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തി; പ്രസിഡന്‍റിനെതിരെ കേസെടുത്തു
text_fieldsbookmark_border
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, പഞ്ചായത്ത് അംഗം കെ.ആർ. വിനു, കണ്ടാലറിയുന്ന രണ്ടുപേർ ഉൾപ്പെടെ നാലുപേർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി മിഥുൻ കൈലാസ് വെള്ളരിക്കുണ്ട് ജില്ല പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി അയച്ച പരാതിയിലാണ് കേസെടുത്തത്. സെക്രട്ടറിയുടെ പരാതി അടിസ്ഥാനരഹിതം -രാജു കട്ടക്കയം വെള്ളരിക്കുണ്ട്: തനിക്കെതിരെ ബളാൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മിഥുൻ കൈലാസ് നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. പഞ്ചായത്തിരാജ് നിയമ പ്രകാരം പഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റിന് അധികാരമുണ്ടായിരിക്കെ, പരാതി ലഭിച്ചയുടൻ പ്രാഥമികാന്വേഷണം പോലും നടത്താതെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടി നീതീകരിക്കാനാവില്ല. പരാതിക്കാരനായ സെക്രട്ടറി കഴിഞ്ഞ ഡിസംബർ 27നാണ് ബളാൽ പഞ്ചായത്തിൽ ചുമതലയേറ്റത്. പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്തിൽനിന്നും സസ്‍പെൻഷൻ കാലാവധിക്കുശേഷമാണ് അദ്ദേഹം ഇവിടെയെത്തിയത്. സെക്രട്ടറി ചുമതലയേറ്റതു മുതൽ പഞ്ചായത്തിലെ ഫയലുകളിൽ നടപടിയെടുക്കുന്നതിൽ കാലതാമസം നേരിടുകയായിരുന്നു. പൊതുജനങ്ങൾക്കുള്ള സേവനങ്ങളിൽ കാലതാമസം വരുത്തുകയും ധനകാര്യ കമീഷൻ ബിൽ, പ്ലാൻ ഫണ്ട് ബിൽ, പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ളവരുടെ ഗുണഭോക്തൃ ലിസ്റ്റുകൾ തുടങ്ങിയവ സമയബന്ധിതമായി ചെയ്യാതെ വന്നത് പഞ്ചായത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ഭരണസമിതി ഐകകണ്ഠ്യേന സെക്രട്ടറിയെ മാറ്റാൻ തീരുമാനമെടുത്തത്. വ്യാഴാഴ്ച ഓഫിസിലെത്തിയ സെക്രട്ടറി പഞ്ചായത്തിന്റെ ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെയുള്ളവ സൈറ്റിൽ ബ്ലോക്ക് ചെയ്യുകയും മറ്റു ജീവനക്കാരെക്കൂടി പ്രതിസന്ധിയിലാക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം എത്തി സെക്രട്ടറിയോട് കാര്യങ്ങൾ ചോദിച്ചത്. അല്ലാതെ പരാതിയിൽ പറയുംപോലെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയോ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഭരണസമിതിയുടെ തീരുമാനപ്രകാരം 11ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അസി. സെക്രട്ടറിക്ക് സെക്രട്ടറിയുടെ ചുമതല നൽകി. ഇതിന് പിന്നാലെയാണ് മിഥുൻ കൈലാസ് പൊലീസിൽ പരാതി നൽകിയതെന്നും രാജു കട്ടക്കയം പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എം. രാധാമണി, വികസനകാര്യ അധ്യക്ഷൻ അലക്സ് നെടിയകാലയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്തംഗം ടി. അബ്ദുൽ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂനിറ്റ് പ്രസിഡന്റ് ജിമ്മി ഇടപ്പാടിയിൽ എന്നിവർ പങ്കെടുത്തു.
Next Story