Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇരിയണ്ണി പീഡനം:...

ഇരിയണ്ണി പീഡനം: പോക്​സോ പ്രതിയായ ഡി.വൈ.എഫ്​.ഐ നേതാവ്​ ഒളിവിൽ

text_fields
bookmark_border
ബോവിക്കാനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ​പോക്​സോ പ്രതിയായ ഡി.വൈ.എഫ്​.ഐ നേതാവ്​ ഒളിവിൽ. ഇയാളെ കണ്ടെത്തി അറസ്റ്റ്​ ചെയ്യാനുള്ള അന്വേഷണം പൊലീസ്​ നടത്തുന്നില്ലെന്നാണ്​ ആക്ഷേപം. വകുപ്പുകൾ ദുർബലമാക്കിയതായും പെൺകുട്ടിയുടെ മൊഴി വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും പൊലീസിനെതിരെ ആക്ഷേപമുണ്ട്​. ഇരിയണ്ണി വനിത സഹകരണ ബാങ്കിലെ വാച്ച്മാനായ ഡി.വൈ.എഫ്​.ഐ നേതാവ്​ സുമേഷ്​ (26) ആണ്​ പ്രതി. ബന്ധുവായ പെൺകുട്ടിക്ക്​ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന്​ പെൺകുട്ടി സി.പി.എം ഏരിയ കമ്മിറ്റിയംഗമായ വനിതയോട്​ പരാതി പറയുകയായിരുന്നു. പരാതിയെത്തുടർന്ന്​ സുമേഷിനെ സംഘടനാസ്ഥാനങ്ങളിൽനിന്നു നീക്കംചെയ്യുകയും സി.പി.എം നേതൃത്വംതന്നെ പരാതി പൊലീസിനു കൈമാറുകയും ചെയ്തു. എന്നാൽ, ഗുരുതര വകുപ്പുകൾ ചേർക്കാതെ കേസ്​ ദുർബലമാക്കിയെന്ന പരാതിയുമുണ്ട്​. ഈ കേസിനനുബന്ധമായി സുമേഷിനെതിരെ പാർട്ടിക്കകത്തും പുറത്തും ഉയർന്നുവരുന്ന പരാതികൾ ഒതുക്കുന്നതി‍ൻെറ ഭാഗമായി പാർട്ടിക്കാർ തന്നെ അയാളെ ഒളിപ്പിക്കുകയാണ്​ എന്നാണ്​ ലീഗ്​, കോൺഗ്രസ്​ നേതൃത്വത്തി‍ൻെറ വാദം. പീഡനത്തിനിരയായ പെൺകുട്ടി സുമേഷി‍ൻെറ ഫോണിൽ നാട്ടിലെ പല സ്ത്രീകളുടെയും പടവും അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിരുന്നു. കുറെയെണ്ണം പെൺകുട്ടിയുടെ കൈവശവുമുണ്ട്​. ഇതൊന്നും പൊലീസ്​ സ്വീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ മൊഴിയും വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രതിചേർക്കപ്പെടുന്നുവെന്നറിഞ്ഞ രാത്രിയിൽ തൊണ്ടിമുതലായ, സുമേഷി​ൻെറ ലാപ്​ടോപ്പും ഫോണും ബാങ്കിൽനിന്ന് മാറ്റി. പകരം പൊലീസിനു നൽകിയത്​ പുതിയ ഫോൺ. ബാങ്ക്​ പ്രസിഡന്‍റും മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.വി. മിനിയാണ്​ പ്രതിയുടെ സഹോദരന്​ ബാങ്കി‍ൻെറ താക്കോൽ നൽകിയത് എന്ന്​​ ആരോപണമുണ്ട്​​​. പ്രതിയെ രക്ഷിച്ചതിന്​ പ്രസിഡന്‍റിനെ പ്രതിയാക്കണമെന്ന ആവശ്യവും ഉയർന്നു. ഇപ്പോൾ സുമേഷ്​ ഒളിവിലാണ്​. ഇരിയണ്ണി കേസിൽ പ്രതിയാകുന്നതിന്​ ആറുമാസംമുമ്പ്​ മറ്റൊരു പരാതിയും സുമേഷിനെതിരെ ഉയർന്നിരുന്നുവെന്ന്​ പാർട്ടിക്കാർ ആരോപിക്കുന്നു. കുറ്റിക്കോൽ പ്രാദേശിക സി.പി.എം നേതാവി​ൻെറ ഭാര്യയുടെ പരാതി നേതൃത്വം ഇടപെട്ട്​ ഒതുക്കുകയായിരുന്നു. 19,000 രൂപ ശമ്പളമുള്ള സുമേഷി‍ൻെറ ജീവിതം ആഡംബരം നിറഞ്ഞതാണ്​. മംഗളൂരുവിലും മറ്റും ചില ഇടപാടുകളുണ്ടെന്ന ആരോപണവും ഉണ്ട്​. ബാങ്ക്​ പണം പുറത്ത്​ പലിശയ്ക്ക്​ നൽകുന്നുവെന്നും ആക്ഷേപമുണ്ട്​. പാർട്ടിയിൽ ആരുടെയോ പിൻബലമില്ലാതെ ഇതൊന്നും നടക്കില്ല. സുമേഷ്​ പിടികൊടുത്താൽ പാർട്ടിക്കും ചിലർക്കും നാണക്കേടുണ്ടാക്കുന്ന ചില കാര്യങ്ങളെങ്കിലും പുറത്തുവരാനുണ്ട്​ എന്നതാണ്​ സുമേഷി​ൻെറ ഒളിവുജീവിതത്തിനു പിന്നിലെന്നാണ്​ പറയുന്നത്​.
Show Full Article
Next Story