Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 11:58 PM GMT Updated On
date_range 19 Jan 2022 11:58 PM GMTസി.പി.എം: ഏഴുപേരെ ഒഴിവാക്കും; പുതിയ ഒമ്പതുപേർ
text_fieldsbookmark_border
കാസർകോട്: നാളെ നടക്കുന്ന സി.പി.എം ജില്ല സമ്മേളനം പാർട്ടിയുടെ ജില്ല കമ്മിറ്റിയിൽ കാതലായ മാറ്റങ്ങൾ വരുത്തും. നിലവിലെ ജില്ല കമ്മിറ്റിയിൽനിന്നും ഏഴുപേരെ ഒഴിവാക്കാനാണ് ആലോചന. ഈ ഏഴുപേർക്കു പുറമെ രണ്ടുപേർ അധികം കടന്നുവരും. 37 അംഗ ജില്ല കമ്മിറ്റി 39 ആയേക്കും. ഒമ്പതു പുതിയ അംഗങ്ങൾ ഉണ്ടാകും. സി.പി.എമ്മിൻെറ ജില്ലയിലെ സമുന്നത നേതാവും സഹകാരിയും മുൻ എം.എൽ.എയുമായ പി. രാഘവൻ സംഘടനതലത്തിൽ നിന്നും ഒഴിവാകും. നിലവിൽ അദ്ദേഹം വിശ്രമത്തിലാണ്. അഡ്വ. പി. അപ്പുക്കുട്ടൻ, എം. പൊക്ലൻ, ടി.വി. ഗോവിന്ദൻ, പി.ആർ. ചാക്കോ, എം. ലക്ഷ്മി, എം.വി. കൃഷ്ണൻ, ശങ്കർറൈ മാസ്റ്റർ എന്നിവർ ജില്ല കമ്മിറ്റിയിൽനിന്നും നീക്കം ചെയ്യപ്പെടുന്നവരുടെ പട്ടികയിലുണ്ട്. കാഞ്ഞങ്ങാട്ടുനിന്നും എം. രാഘവൻ, ഡി.വൈ.എഫ്.ഐ ജില്ല ജോ. സെക്രട്ടറി ഷാലുമാത്യു എന്നിവർ പുതുമുഖങ്ങളായി കയറും. അതിനുപുറമെ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ്മോഹൻ, എളേരി ഏരിയ സെക്രട്ടറി എ. അപ്പുക്കുട്ടൻ, കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ എന്നിവർ ജില്ല കമ്മിറ്റിയിലേക്ക് സാധ്യതയുള്ളവരാണ്. ജില്ല സെക്രട്ടേറിയറ്റാണ് മറ്റൊരു ആകർഷണം. സെക്രട്ടേറിയറ്റിലുള്ള പി. രാഘവൻ ഒഴിവാക്കപ്പെടുന്ന സ്ഥാനത്തേക്ക് സി.ഐ.ടി.യു നേതാവ് ടി.കെ. രാജൻ കയറിവരും. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ സെക്രട്ടേറിയേറ്റ് ചുമതലകൾ നിർവഹിക്കാനാവുന്നില്ല എന്ന കാരണത്താൽ ഒഴിവാക്കപ്പെടുന്ന മുസ്തഫ തിരുവനന്തപുരം കേന്ദ്രീകരിക്കാൻ സംസ്ഥാന കമ്മിറ്റിയിൽ വന്നേക്കും. തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള വഴികൂടി മുസ്തഫക്ക് തുറക്കും. ഈ സ്ഥാനത്തേക്ക് സെക്രട്ടേറിയറ്റിൽനിന്നും ആരുകടന്നുവരും എന്നത് പ്രധാനമാണ്. കേന്ദ്ര കമ്മിറ്റി മുന്നോട്ടുവെക്കുന്ന പ്രായം കണക്കിലെടുത്ത് പി. കരുണാകരൻ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിൽനിന്നും ഒഴിവാക്കപ്പെടുമ്പോൾ അദ്ദേഹത്തെ ജില്ല സെക്രട്ടേറിയറ്റിൽ നിലനിർത്തേണ്ടിവരും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, എം. സുമതി, ഇ. പത്മാവതി, പി.സി. സുബൈദ എന്നിവരിൽ ഒരാൾ ജില്ല സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടാം. സംഘടന ചുമതലകൾ കൂടുതലുള്ളത് ബേബി ബാലകൃഷ്ണനാണ്. അതേസമയം, സംഘടന ചുമതലകൾ നിർവഹിക്കാനാണ് എം. സുമതി ബാങ്ക് ജോലി രാജിവെച്ചത്. ഇ. പത്മാവതി ജോലി ചെയ്തുവരുകയാണ്. അവർ ജോലി രാജിവെക്കാൻ തയാറായാൽ അവർക്ക് മുൻഗണന ലഭിക്കാനിടയുണ്ട്. പി.സി. സുബൈദക്ക് ന്യൂനപക്ഷ പരിഗണനയുമുണ്ട്. ബേബി, സുബൈദ എന്നിവരിലൊരാൾ വന്നാൽ കാസർകോടിൻെറ തെക്കൻ മേഖലക്ക് സെക്രട്ടേറിയറ്റിൽ കനം കൂടും. അപ്പോൾ പി. ജനാർദനൻ സെക്രട്ടേറിയറ്റിൽനിന്നും മാറിയേക്കാം. സെക്രട്ടറി സ്ഥാനത്ത് ബാലകൃഷ്ണൻ മാസ്റ്റർ തുടരും. കെ.വി. കുഞ്ഞിരാമനും കെ.പി. സതീഷ് ചന്ദ്രനും സാധ്യതയുള്ളവരായിരുന്നു. എന്നാൽ, കെ.വി. കുഞ്ഞിരാമൻ ലൈബ്രറി കൗൺസിൽ പ്രസിഡൻറും കെ.പി. സതീഷ് ചന്ദ്രൻ കൺസ്യൂമർ ബോർഡ് ചെയർമാനുമാണ്.
Next Story