Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:29 AM IST Updated On
date_range 27 Dec 2021 5:29 AM ISTജില്ലയിൽ പ്രീ പ്രൈമറികൾ അന്താരാഷ്ട്രനിലവാരത്തിലേക്ക്
text_fieldsbookmark_border
ചെറുവത്തൂർ: സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറികളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ വിവിധ പദ്ധതികൾ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ ആദ്യത്തെ മാതൃകാ പ്രീ സ്കൂളിൻെറ ഉദ്ഘാടനം തിങ്കളാഴ്ച മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സമഗ്രശിക്ഷ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ആകർഷകമായരീതിയിൽ മാതൃകാ പ്രീ സ്കൂൾ സജ്ജമാക്കിയിട്ടുള്ളത്. അഭിനയമൂല, ചിത്രകലാമൂല, സംഗീതമൂല, നിർമാണമൂല, വായനമൂല, ഗണിതമൂല, ശാസ്ത്രമൂല എന്നിങ്ങനെ ഏഴുമൂലകൾ ഈ ഫണ്ടുപയോഗിച്ചാണ് മേലാങ്കോട്ട് സജ്ജമാക്കിയത്. പാഠ്യപദ്ധതി വിനിമയത്തിൻെറ വിവിധ ഘട്ടങ്ങളിൽ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള പ്രധാന ഇടങ്ങളായി പ്രവർത്തന മൂലകളെ മാറ്റിയെടുക്കാൻ ഏറെ ആകർഷകവും നൂതനവും വേറിട്ടതുമായ പഠനോപകരണങ്ങളും കളിയുപകരണങ്ങളുമാണ് ലഭ്യമാക്കിയത്. ചമഞ്ഞുകളി, പാവനാടകം, റോൾ പ്ലേ, അനുകരണം തുടങ്ങിയവക്കാവശ്യമായ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ചിത്രകലാമൂലയിൽ വരക്കാനുള്ള നൈസർഗിക ശേഷിയെ വളർത്തിയെടുക്കും. സംഗീത മൂലയിൽ വിവിധ സംഗീതോപകരണങ്ങൾ ഒറ്റക്കും സംഘമായും ആസ്വാദ്യകരമായി കൈകാര്യം ചെയ്യാനും പ്രകൃതിയിലെ ശബ്ദങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. നിർമാണമൂലയിൽ കുട്ടികൾക്ക് തൻെറ പരിസരത്തെയും പ്രകൃതിയിലെയും വസ്തുക്കളെ നിർമാണ മൂലയിലേക്ക് സൃഷ്ടിക്കാൻ അവസരമൊരുക്കുകയുണ്ടായി. ഇരുനൂറോളം പുസ്തകങ്ങൾ സജ്ജീകരിച്ച്, വായനക്കുള്ള വൈവിധ്യമാർന്ന അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഗണിതം ആസ്വദിച്ച് പഠിക്കാനുള്ള പഠനോപകരണ ശേഖരണമാണ് ഗണിതമൂലയെ സമ്പന്നമാക്കിയിട്ടുള്ളത്. തീമുകളുടെ അടിസ്ഥാനത്തിൽ രുചി, നിറം, മണം, സ്പർശം, ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട നൂറിൽപരം പഠനോപകരണങ്ങളാണ് ശാസ്ത്രമൂലയെ ശ്രദ്ധേയമാക്കുന്നത്. ജില്ലയിലെ സർക്കാർ അംഗീകൃത പ്രീ പ്രൈമറി കളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴു വിദ്യാലയങ്ങൾ കൂടി 2022 ഒാടെ മാതൃകാ സ്കൂളുകളാക്കുക എന്നതാണ് സമഗ്രശിക്ഷ ലക്ഷ്യമിടുന്നതെന്ന് സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ പറഞ്ഞു. പടം.. മേലാങ്കോട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമി ക്ലാസ് മുറി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story