Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:29 AM IST Updated On
date_range 22 Dec 2021 5:29 AM ISTഒമിക്രോൺ ആശങ്കയിൽ അതിർത്തിഗ്രാമങ്ങൾ
text_fieldsbookmark_border
കാസർകോട്: കർണാടകയിൽ കൂടുതൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തിഗ്രാമങ്ങളിൽ ആശങ്ക. എന്താവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് ജില്ലയുടെ അതിർത്തിയിൽ കഴിയുന്നവരിലധികവും. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിജാഗ്രത പുലർത്താൻ അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് അതത് തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകി. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ തുടങ്ങി കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതൽ നിർബന്ധമായും പാലിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഒമിക്രോൺ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് മാത്രമാണ് നിലവിൽ നിരീക്ഷണമുള്ളൂ. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരുടെ കാര്യത്തിൽ പ്രത്യേക നിർദേശങ്ങളൊന്നുമില്ല. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന. കർണാകയിൽ അഞ്ച് ഒമിക്രോൺ കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. മംഗളൂരുവിന് പിന്നാലെ ഉഡുപ്പിയിലെ ഒരു കുടുംബത്തിലെ 82ഉം 73ഉം വയസ്സുള്ള രണ്ടുപേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. നാലംഗ കുടുംബത്തിൽ ഒരാൾക്കുകൂടി രോഗലക്ഷണങ്ങളുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് ഇവർ. പുതുതായി സ്ഥിരീകരിച്ചവരിൽ ആരും വിദേശത്തുനിന്ന് എത്തിയവരുമല്ല. ദക്ഷിണ കന്നട, ഉഡുപ്പി, ദർവാഡ്, ശിവമൊഗ്ഗ തുടങ്ങി കർണാടകയിലെ ആറു ജില്ലകളിൽ ഇതിനകം ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിൽനിന്ന് വരുന്നവർക്ക് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴുമുണ്ട്. 72 മണിക്കൂറിനകമെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് ഹാജരാക്കുന്നവർക്കേ അതിർത്തി കടക്കാൻ അനുവാദമുള്ളൂ. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുവന്നതിനാൽ പൊതുവെയുള്ള ജാഗ്രതക്കുറവിലാണ് ആരോഗ്യവകുപ്പിന് ആശങ്ക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story