Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൈക്കടപ്പുറം-ഓർക്കുളം...

തൈക്കടപ്പുറം-ഓർക്കുളം പാലമെന്ന സ്വപ്നം ഇനിയും അകലെ

text_fields
bookmark_border
നീലേശ്വരം: കോരിച്ചൊരിയുന്ന കാറ്റിലും മഴയിലും ചുട്ടുപൊള്ളുന്ന വെയിലത്തും ഒന്നു സംഭവിക്കല്ല എന്ന് വിചാരിച്ച് കടവ് തോണിയിൽ നെഞ്ചിടിപ്പോടെ ഒരു ജനത യാത്ര ചെയ്യാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ഓർക്കുളത്തെയും തൈക്കടപ്പുറത്തെയും ആളുകളാണ് ഈ ഹതഭാഗ്യർ. മറുകര താണ്ടാൻ തോണിയെ മാത്രം ആശ്രയിക്കുന്ന ജനതക്ക് പ്രതീക്ഷയുടെ പാലം ഇനിയും ദൂരെ തന്നെയാണ്. നീലേശ്വരം നഗരസഭ പരിധിയിലെ തൈക്കടപ്പുറം ബോട്ടു ജെട്ടിക്ക് സമീപത്തുനിന്ന് ചെറുവത്തൂർ പഞ്ചായത്തിലെ ഓർക്കളവുമായി ബന്ധിപ്പിക്കുന്ന പാലം നിർമാണ പ്രവർത്തനമാണ് എങ്ങുമെത്താതെ ഫയലിൽ കുടുങ്ങി കിടക്കുന്നത്. 2015 ആദ്യ എൽ.ഡി.എഫ് സർക്കാർ ബജറ്റിൽ പാലം നിർമാണത്തിന് 40 കോടി നീക്കിവെച്ചെങ്കിലും പിന്നീട് തുടർപ്രവർത്തനങ്ങളും നടന്നില്ല. ഇതിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചുവെങ്കിലും പാലം ഫയൽ നീങ്ങാതെ കുടുങ്ങി കിടക്കുകയാണ്. സ്പാൻ നിർമാണത്തിന് മുമ്പുള്ള മണ്ണ് പരിശോധനയോ പാലം നിർമിക്കാനുള്ള ഭരണാനുമതിയോ സാമ്പത്തികാനുമതിയോ ഇനിയും ലഭിച്ചില്ല. എം. രാജഗോപാലൻ എം.എൽ.എയോട് ഇരുകരയിലുമുള്ള ജനങ്ങളുടെ നിരന്തര ആവശ്യത്തിൻമേലാണ് സർക്കാരിൽ സമ്മർദം ചെലുത്തി പാലം നിർമാണമെന്നുള്ള ആവശ്യം നേടിയെടുത്തത്. പാലത്തിന് 250 മീറ്ററിലധികം നീളമുണ്ടാവും. ചെറുവത്തൂർ ഫിഷറീസ് ഹൈസ്ക്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ കടത്തുതോണിയിൽ യാത്ര ചെയ്താണ് പഠിക്കാൻ പോകുന്നത്. പതിനഞ്ച് കിലോമീറ്റർ നീലേശ്വരം നഗരം അധികം ചുറ്റി സഞ്ചരിക്കുന്നത് ഒഴിവാക്കാനാണ് വിദ്യാർഥികൾ തോണിയെ ആശ്രയിക്കുന്നത്. ചെറുവത്തൂർ, തൈക്കടപ്പുറം ഹാർബർ അഴിത്തല ടൂറിസ്റ്റ് കേന്ദ്രം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ, മരണം, വിവാഹം പോലുള്ള ചടങ്ങുകൾ, പയ്യന്നൂർ, കണ്ണൂർ എന്നിവടങ്ങളിലേക്ക് ഇരുകരകളിലുമുള്ള ആളുകൾക്ക് എളുപ്പത്തിൽ എത്തി ചേരുന്നതിനാണ് പാലം വേണമെന്ന ആവശ്യം നേടിയെടുത്തത്. സുഗമമായ യാത്രകൾ വേണമെന്നുള്ള നാട്ടുകാരുടെ ആഗ്രഹം 50 വർഷം കഴിഞ്ഞിട്ടും പ്രതീക്ഷകളിലാണ്. ജില്ലയിലെ ഏറ്റവും നീളമുള്ള തൈക്കടപ്പുറം ഓർക്കുളം പാലത്തിന് ഭരണാനുമതി എത്രയും പെട്ടെന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ജനകീയ കമ്മിറ്റി വൈസ് ചെയർമാൻ കൊട്ടറ വാസുദേവ് പറഞ്ഞു.
Show Full Article
Next Story