Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:29 AM IST Updated On
date_range 24 Jun 2022 5:29 AM ISTകോടോംബേളൂർ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫിസ് ആദിവാസികൾ ഉപരോധിച്ചു
text_fieldsbookmark_border
നീലേശ്വരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ എണ്ണപ്പാറ-മലയാറ്റുകര ഊരിലെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് നിർമാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് ആദിവാസികൾ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫിസ് ഉപരോധിച്ചു. ഊരുമൂപ്പൻ രമേശൻ മലയാറ്റുകര ഉദ്ഘാടനം ചെയ്തു. പി.എം നാരായണൻ അധ്യക്ഷത വഹിച്ചു. ഗോത്ര ജനത നേതാവ് കൃഷ്ണൻ പരപ്പച്ചാൽ, നാരായണൻ കണ്ണാടിപ്പാറ, സി.എം ബാലൻ, എം. കുമാരൻ, സി. സതീശൻ, പ്രിയേഷ് കുമാർ, ജയൻ, രാജേഷ്, സുമ രാജൻ, എം.ഡി. രാജൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി റോഡ് നടപ്പാത കോൺക്രീറ്റ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നിർമാണം തുടങ്ങിയില്ല. തുടർന്ന് റീ ടെൻഡർവെക്കുകയും ആദ്യം ടെൻഡർ എടുത്ത അതേ വ്യക്തിതന്നെ ടെൻഡർ നീ ചെയ്തു. ഊരിലേക്കുള്ള ഈ റോഡ് പൂർണമായും തകർന്ന്, കിടപ്പു രോഗികളേയടക്കം കസേരയിലിരുത്തി മെയിൽ റോഡിലെത്തിച്ച് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥ സംജാതമായതിനാലാണ് സമരത്തിനിറങ്ങേണ്ടിവന്നതെന്ന് സമരക്കാർ പറയുന്നു. 2020 നവംബർ മുതൽ മൂന്നു തവണയാണ് ഈ റോഡിന്റെ രണ്ടു ഭാഗങ്ങളിലായി 300 മീറ്ററോളം കോൺക്രീറ്റ് ചെയ്യുന്നതിന് ടെൻഡർവെച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കോൺട്രാക്ടർ വർക്ക് എഗ്രിമെന്റ് വെക്കാതെ വർക്ക് ഒഴിവാകുകയാണ് ചെയ്യുന്നതെന്നും അതിനാലാണ് പ്രതിഷേധ സമരം നടത്തേണ്ടി വന്നതെന്നും ഊരുനിവാസികൾ പറഞ്ഞു. സമരത്തെ തുടർന്ന് പ്രസിഡന്റിന്റെ ചേമ്പറിൽ അമ്പലത്തറ സബ് ഇൻസ്പെക്ടർ സുബാഷ് ബാബു, സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ്, വൈസ് പ്രസിഡന്റ് പി. ദാമോദരൻ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. എത്രയും പെട്ടെന്ന് കരാറുകാരൻ മുഖേന മെറ്റീരിയൽ ഇറക്കി, ഊരിലെ വിദഗ്ധ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി റോഡ് കോൺക്രീറ്റ് ചെയ്യാമെന്ന ഉറപ്പിൽമേൽ സമരം പിൻവലിക്കുകയായിരുന്നു. പടം: nlr uparodham കോടോംബേളൂർ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫിസ് ആദിവാസികൾ ഉപരോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story