Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:28 AM IST Updated On
date_range 16 Jun 2022 5:28 AM ISTകോട്ടപ്പുറം റോഡരികിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു
text_fieldsbookmark_border
നീലേശ്വരം: അപകടക്കെണിയൊരുക്കുന്ന ഓവുചാലുകള്‍ വാഹനയാത്രക്കാർക്കും കാല്‍നടക്കാർക്കും ഭീഷണിയുയർത്തുന്നു. ആനച്ചാൽ, കോട്ടപ്പുറം റോഡ് അടക്കമുള്ള പാതകളിലാണ്, ഓടകള്‍ക്ക് സ്ലാബുകൾ ഇല്ലാത്തതുമൂലം മരണക്കെണി. വിളിപ്പാടകലെ അപകടം പതിയിരുന്നിട്ടും തിരിഞ്ഞുനോക്കാതെയിരിക്കുകയാണ് നീലേശ്വരം നഗരസഭാധികൃതര്‍. ഓടയില്‍വീണുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇവ സ്ലാബിട്ട് മൂടാനുള്ള നടപടി നഗരസഭ സ്വീകരിക്കുന്നില്ല. റോഡുനിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോട്ടപ്പുറം റോഡിൽ ഓവുചാലിനു മുകളില്‍ സ്ലാബ് നിർമിക്കാതെ അധികൃതര്‍ അപകടം കാത്തിരിക്കുകയാണ്. പകല്‍നേരങ്ങളിലും രാത്രിയും ഒരുപോലെ വാഹനങ്ങള്‍ കടന്നുപോകുന്ന കരുവാച്ചേരി കോട്ടപ്പുറം റോഡ്, സി.എച്ച്. മുഹമ്മദ് കോയ സ്മാരക വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരം, കോട്ടപ്പുറം അംഗൻവാടി, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര പരിസരം, ആനച്ചാല്‍ പള്ളി എന്നിവിടങ്ങളിലാണ് ഓവുചാൽ തുറന്നുകിടക്കുന്നത്. കോട്ടപ്പുറം റോഡില്‍ മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കോട്ടപ്പുറം സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ആളെ വീഴ്ത്തുന്ന തരത്തിലാണ് ഓവുചാലുകളുടെ കിടപ്പ്. വളവുകള്‍ ഏറെയുള്ള വീതികുറഞ്ഞ റോഡും മൂടാത്ത സ്ലാബും ഇതുവഴി സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികള്‍ക്കും ഭീഷണിയുയര്‍ത്തുകയാണ്. റോഡിനുസമീപത്തെ വീടുകളിലേക്ക് മാത്രമാണ് ഓവുചാലിനു മുകളില്‍ സ്ലാബ് സ്ഥാപിച്ചത്. ഇതോടൊപ്പം റോഡരിക് പലയിടത്തും കാടുമൂടിക്കിടക്കുന്നതും കാല്‍നടക്കാര്‍ക്ക് ദുരിതമാവുന്നു. നീലേശ്വരം പൊലീസ് സ്റ്റേഷനുസമീപത്തെ മന്ദംപുറം റോഡും സ്ലാബിടാത്ത ഓവുചാലുകളും യാത്രക്കാര്‍ക്ക് നല്‍കുന്ന ദുരിതം കുറച്ചൊന്നുമല്ല. അംഗൻവാടി കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരും നിരന്തരം യാത്ര ചെയ്യുന്ന തിരക്കേറിയ പാതയാണിത്. വീതികുറഞ്ഞ റോഡായതിനാല്‍ത്തന്നെ കാല്‍നടക്കാര്‍ക്ക് നടന്നു പോകാനുള്ള ഇടംപോലും ഈ റോഡരികിലില്ല. യാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങള്‍ റോഡിന്റെ ഇരുഭാഗത്തുനിന്നും ഒന്നിച്ചു വന്നാല്‍ നടന്നുപോകുന്നവർക്ക് നീങ്ങിനില്‍ക്കാനുള്ള സ്ഥലവും ഇവിടെയില്ല. ഇതുവഴി രണ്ടു വാഹനങ്ങള്‍ക്ക് ഒരുമിച്ചുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തതിനാല്‍, മഴവെള്ളം കെട്ടിക്കിടക്കുമ്പോൾ ഓടയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മഴക്കാലങ്ങളില്‍ രാത്രിസമയങ്ങളിലും മറ്റും കാല്‍നടക്കാര്‍ ഓവുചാലിലേക്ക് വീഴാനുള്ള സാധ്യതയും കൂടുതലാണ്. അധികൃതരുടെ മൂക്കിന്‍തുമ്പിന് താഴെയായിട്ടും നീലേശ്വരം നഗരസഭയോ പൊതുമരാമത്ത് അധികൃതരോ ഓവുചാലിനുമുകളിൽ സ്ലാബിടാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പടം: nlr ovuchal കോട്ടപ്പുറം റോഡിലെ സ്ലാബുകളില്ലാത്ത ഓവുചാൽ കാടുമൂടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story