Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 11:59 PM GMT Updated On
date_range 9 Jun 2022 11:59 PM GMTകോളനികളിൽ പ്രവേശന വിലക്ക്: പ്രതിഷേധവുമായി ദലിത് സംഘടനകൾ
text_fieldsbookmark_border
കാഞ്ഞങ്ങാട്: ആദിവാസി കോളനികളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി പട്ടികവർഗ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി ദലിത് സംഘടനകൾ. മേയ് 12ന് പുറപ്പെടുവിച്ച ഉത്തരവിൽ 11 തരം വിലക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിനും സർവേ നടത്തുന്നതിനും 14 ദിവസം മുമ്പ് ട്രൈബൽ ഓഫിസർക്ക് അപേക്ഷ നൽകി അനുമതി വാങ്ങണമെന്ന് സർക്കുലറിൽ പറയുന്നു. ഇന്ത്യൻ ഭരണഘടന ആദിവാസി ഊരുകൂട്ടത്തിന് സ്വയംഭരണാധികാരം നൽകിയിട്ടുണ്ട്. ഊരിലെ കാര്യങ്ങൾ തീരുമാനിക്കാൻ ആദിവാസികൾക്ക് നിയമപരമായ അധികാരം ഉണ്ടായിരിക്കെ ഈ സർക്കുലറിന് നിയമപരമായി നിലനിൽപ്പില്ല. ആദിവാസി ഊരുകളിൽ അതിക്രമിച്ചുകയറി ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന മാഫിയകളെയും മാവോവാദികളെയും പിടികൂടി നിയമപരമായി നേരിടാൻ പൊലീസും തണ്ടർബോൾട്ട് സൈനികരും ഉണ്ടായിരിക്കെ ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം തന്നെ വിലക്കിക്കൊണ്ട് ആദിവാസികളെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്താനുള്ള ഗൂഢാലോചനയാണെന്നും ഭാരവാഹികൾ ആരോപിച്ചു. ആദിവാസികൾ അഭയാർഥികളല്ലെന്നും തുല്യ അവകാശങ്ങളുള്ള ജനതയാണെന്നും ട്രൈബൽ വകുപ്പ് തിരിച്ചറിയണം. പ്രവേശനവിലക്ക് ഏർപ്പെടുത്താൻ മാത്രം ഗൗരവമുള്ള ഒരു ക്രമസമാധാനപ്രശ്നവും കേരളത്തിലെ ആദിവാസി ഊരുകളിൽ നിലവിലില്ല. ആദിവാസി ഊരുകളിലെ സാമൂഹിക പിന്നാക്കാവസ്ഥയും ചൂഷണങ്ങളും ആത്മഹത്യകളും ആദിവാസി വികസന ഫണ്ടുകൾ ട്രൈബൽ ഉദ്യോഗസ്ഥരും ബിനാമികളും ചേർന്ന് തട്ടിയെടുക്കുന്നതും പുറംലോകം അറിയാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഈ സർക്കുലറെന്നും പിൻവലിച്ചില്ലെങ്കിൽ ശക്തമായ പോരാട്ടവുമായി രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രക്ഷോഭത്തിന്‍റെ ഭാഗമായി 24ന് പരപ്പ ട്രൈബൽ ഓഫിസ് ഉപരോധിക്കും. വാർത്തസമ്മേളനത്തിൽ മലവേട്ടുവ മഹാസഭ ഭാരവാഹികളായ എം. ഭാസ്കരൻ, എം. ശങ്കരൻ മുണ്ടമാണി, ആദിവാസി ഫോറം ഭാരവാഹികളായ കൃഷ്ണൻ മൂപ്പിൽ, ഉഷ മുടന്തേൻപാറ, അഖില കേരള മാവിലൻ സമാജം ഭാരവാഹികളായ മാവുവളപ്പിൽ മാധവൻ, എം. മോഹനൻ, ഗോത്രജനത കാസർകോട് ഭാരവാഹി കൃഷ്ണൻ പരപ്പച്ചാൽ, ഭൂസമരസമിതി ഭാരവാഹി രാധാകൃഷ്ണൻ കൊന്നക്കാട് എന്നിവർ സംബന്ധിച്ചു.
Next Story