Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:28 AM IST Updated On
date_range 10 Jun 2022 5:28 AM ISTഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ വീട് നിയമസഭാ സമിതി സന്ദര്‍ശിച്ചു
text_fieldsbookmark_border
കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ് വൺ വിദ്യാര്‍ഥിനി ഇ.വി. ദേവനന്ദയുടെ വീട് നിയമസഭ സമിതി സന്ദർശിച്ചു. കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മേയ് ഒന്നിനാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. പെരളത്തെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി. പ്രസന്നയുടെയും ഏക മകളായിരുന്നു ദേവനന്ദ. ചെറുവത്തൂര്‍ മട്ടലായിലെ സഹോദരി സൗദാമിനിക്കൊപ്പമാണ് ദേവനന്ദയുടെ അമ്മ പ്രസന്ന ഇപ്പോഴുള്ളത്. ഈ വീട്ടിലാണ് സമിതി സന്ദര്‍ശനം നടത്തിയത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമങ്ങളും ചട്ടങ്ങളും ഉള്ളപ്പോള്‍ ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമസഭ സമിതി തെളിവെടുപ്പ് നടത്തുന്നത്. പിഴവുകളില്ലാതെ നിയമങ്ങള്‍ നടപ്പിലാക്കുകയും ഇതുസംബന്ധിച്ച ജനകീയ അവബോധം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാൻവേണ്ടിയാണ് സന്ദര്‍ശനം. ഇത്തരമൊരു സംഭവമുണ്ടായ ജില്ല എന്നത് കണക്കിലെടുത്താണ് കാസര്‍കോടുനിന്നുതന്നെ ഈ തെളിവെടുപ്പ് ആരംഭിച്ചത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന നടത്തിവരുന്ന പതിവ് ശീലത്തിന് അപ്പുറം സമഗ്രമായ ഇടപെടല്‍ ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിന് പകരം രോഗവും മരണവും വിളമ്പുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. അത്തരം ആളുകള്‍ക്ക് നല്‍കുന്ന നടപടികളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വളരെ ഗൗരവത്തിലാണ് ഈ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. പരമാവധി ശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എല്ലാ ഇടപെടലുകളും ഉണ്ടാകും. ഭക്ഷണത്തിന് ഗുണമേന്മ ഉറപ്പാക്കുന്നതിന് പകരം ലാഭം ഉണ്ടാക്കുകയെന്ന് കരുതുന്ന ആളുകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും സമിതി അധ്യക്ഷൻ പ്രമോദ് നാരായണന്‍ എം.എല്‍.എ. പറഞ്ഞു. ഭക്ഷണം ഉൽപാദിപ്പിക്കുന്ന ഇടം മുതല്‍ വിതരണം ചെയ്യുന്ന സ്ഥലം വരെയുള്ള ശൃംഖലയില്‍ ഇടപെടാന്‍ വകുപ്പുകള്‍ക്ക് കഴിയണം. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു. ഫോട്ടോ-ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ് വൺ വിദ്യാര്‍ഥിനി ഇ.വി. ദേവനന്ദയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമിതി സന്ദര്‍ശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story