Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:36 AM IST Updated On
date_range 27 May 2022 5:36 AM ISTകൈയടിച്ച് കർഷകർ (പാക്കേജ്)
text_fieldsbookmark_border
-കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനുള്ള നിയമഭേദഗതിയിൽ ആശ്വാസത്തോടെ കർഷകജനത -സർഗം വിജയൻ നീലേശ്വരം: കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ കർഷകർ പ്രതീക്ഷയിലാണ്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നിയമ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചതിലെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കർഷകർ. പ്രത്യേകിച്ച് ജില്ലയിലെ മലയോര കർഷകർ. രാപ്പകൽ നീളുന്ന അധ്വാനം മുഴുവൻ പന്നി നശിപ്പിക്കുന്ന സ്ഥിതിക്ക് ശമനം വരുമല്ലോയെന്നാണ് കർഷകരുടെ പ്രതീക്ഷ. ബളാൽ, കോടോംബേളൂർ, കിനാനൂർ കരിന്തളം തുടങ്ങി മലയോരത്തെ മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ നഗരത്തിലും ഗ്രാമത്തിലും പന്നികളുടെ വിരാഹകേന്ദ്രമായി മാറിയിരുന്നു. പട്ടാപ്പകൽ റോഡിൽ കിടക്കുന്നതും വാഹനങ്ങൾക്ക് കുറുകെചാടി അപകടം വരുത്തുന്നതും പതിവാണ്. മലയോരത്ത് പന്നികളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഇതിനകം പരിക്കേറ്റത്. പരപ്പ, വെള്ളരിക്കുണ്ട് ടൗണുകളിലെ കടകളിൽ പന്നികൾ പട്ടാപ്പകൽ സാധനങ്ങൾ നശിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മലയോരത്തെ കുന്നിൻ ചരിവുകളിലും വീട്ടുവളപ്പിലും കൃഷിചെയ്യുന്ന കർഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കപ്പ, ചേന, വാഴ തുടങ്ങി പല കൃഷികളും വേരോടെ പറിച്ച് നശിപ്പിക്കുന്ന രീതിയാണ്. കൂട്ടമായും ഒറ്റക്കും എത്തുന്ന പന്നികൾ അധികവും രാത്രിയാണ് കൃഷി കൂടുതലും നശിപ്പിക്കുന്നത്. വനത്തോടുചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് പകൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അബദ്ധത്തിൽ വീടിന്റെ വാതിലടക്കാൻ മറന്നാൽ പന്നികൾ കയറും. നീലേശ്വരം നഗരസഭയിൽ പാലായിയിലെ കർഷകരും സർക്കാർ തീരുമാനത്തിൽ ആശ്വാസം കൊള്ളുകയാണ്. ഇവരുടെ വിളഞ്ഞുനിൽക്കുന്ന നെൽകൃഷിയാണ് നശിപ്പിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിൽ, കൃഷിചെയ്യുന്നവർക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നാണ് എല്ലാവരുടെയും അഭിപ്രായം. നിയമം നടപ്പാകുന്നതും കാത്തിരിക്കുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story