Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 11:59 PM GMT Updated On
date_range 14 May 2022 11:59 PM GMTഭീമനടി-ചിറ്റാരിക്കാൽ റോഡ് ചളിക്കുളമായി; നാട്ടുകാർ റോഡ് ഉപരോധിച്ചു
text_fieldsbookmark_border
പടം: nlr beemanadi road ഭീമനടി-ചിറ്റാരിക്കാൽ റോഡ് ചളിക്കുളമായപ്പോൾ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു നീലേശ്വരം: മലയോരത്തെ പ്രധാന റോഡായ ഭീമനടി-ചിറ്റാരിക്കൽ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം ഗതാഗതം ദുരിതത്തിലായി. മഴ വന്നതോടെ റോഡ് ചളിക്കുളമായി മാറി. ഇതുവഴി കാൽനടപോലും ദുസ്സഹമായ അവസ്ഥയിൽ നാട്ടുകാർ സഹികെട്ട് പ്രതിഷേധവുമായി ശനിയാഴ്ച രാവിലെ റോഡ് ഉപരോധിച്ചു. റോഡുപണിക്കായി വന്ന വാഹനങ്ങൾ തടഞ്ഞുവെച്ചു. കരാറുകാരൻ സ്ഥലത്ത് എത്തിയതിനുശേഷം, ചളിക്കുളമായി മാറിയ റോഡിന് ഒരു തീരുമാനമുണ്ടാക്കിയാൽ മാത്രമേ പിന്മാറുകയുള്ളൂവെന്ന് നാട്ടുകാർ ഒന്നടങ്കം പറഞ്ഞു. ഒടുവിൽ കരാറുകാരനെത്തി, ചളി കോരിമാറ്റാമെന്ന് ഉറപ്പുനൽകിയതിനു ശേഷമാണ് നാട്ടുകാർ പിൻവാങ്ങിയത്. ഇതൊരു സൂചന പ്രതിഷേധം മാത്രമാണെന്നും എത്രയും പെട്ടെന്ന് റോഡുപണി പൂർത്തീകരിച്ചില്ലെങ്കിൽ മുഴുവൻ വാഹനങ്ങളും തടഞ്ഞ് ജനങ്ങൾ ഒറ്റക്കെട്ടായി ശക്തമായ പ്രതിഷേധ സമരം നടത്തുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. മൂന്നുവർഷമായി ഈ റോഡിന്റെ നിർമാണം തുടങ്ങിയെങ്കിലും ഒട്ടേറെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവൃത്തി പൂർത്തിയാക്കാതെ ഇഴഞ്ഞുനീങ്ങുകയാണ്. നിലച്ചുപോയ നവീകരണ പ്രവൃത്തി അടുത്തകാലത്ത് വീണ്ടും പുനരാരംഭിച്ചെങ്കിലും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നിർമാണ പ്രവൃത്തി നീണ്ടു പോകാൻ പ്രധാന കാരണം. റോഡരികിലെ മണ്ണുമാന്തിയപ്പോൾ കുടിവെള്ള പൈപ്പുകൾ പൊട്ടിയതും മണ്ണിട്ടുയർത്തിയ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ അപകടകരമാംവിധം താഴ്ന്നുനിൽക്കുന്നതും നിർമാണത്തിന് ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതും പ്രവൃത്തി വീണ്ടും മന്ദഗതിയിലാവുകയായിരുന്നു. മലയോരത്ത് മഴ തുടങ്ങിയതോടെ റോഡ് മുഴുവൻ ചളിക്കുളമായി മാറി. നിരവധി ഇരുചക്ര വാഹനങ്ങൾ റോഡിലെ ചളിയിൽ തെന്നിവീണ് യാത്രക്കാർക്ക് പരിക്കുപറ്റുന്നത് നിത്യസംഭവമായി മാറി. മാങ്ങോട്ട് പാതിവഴിയിൽ നിർമാണം നിലച്ച കലുങ്കിന്റെ അരികുകൾ ഇടിഞ്ഞുവീഴാൻ തുടങ്ങി. അപകടകരമായ നിലയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പായി ഒരു ലെയറെങ്കിലും ടാറിങ് നടത്തിയില്ലെങ്കിൽ നാട്ടുകാരുടെ യാത്രാദുരിതം ഇരട്ടിക്കും.
Next Story