കൂട്ടുകാരന്റെ അതിഥികളായെത്തിയ യുവാക്കൾ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
text_fieldsകാസർകോട്: കൂട്ടുകാരന്റെ അതിഥികളായി കാസർകോട്ട് എത്തി നീന്താൻ ഇറങ്ങിയ യുവാക്കളിൽ രണ്ടു പേർ പുഴയിൽ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി വിജിത്ത് (23), തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി രഞ്ജു (24) എന്നിവരാണ് കരിച്ചേരി പുഴയിൽ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഒഴുക്കിൽ പെട്ട് കാണാതായ ഇവരിൽ വിജിത്തിന്റെ മൃതദേഹം രാത്രി പത്തോടെയും, പതിനൊന്നരയോടെ രഞ്ജുവിന്റേയും ബേഡകം മുനമ്പം തൂക്കുപാലത്തിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
മുനമ്പം കല്ലളിയിലെ ശ്രീവിഷ്ണുവിന്റെ വീട്ടിൽ അതിഥികളായി എത്തിയതായിരുന്നു യുവാക്കൾ. തിരുവനന്തപുരത്തെ വൈശാഖ്, കുമ്പളയിലെ അബ്ദുൽ ഖാദർ സിനാൻ, പരവനടുക്കത്തെ വിഷ്ണു എന്നിവരും ഒപ്പമുണ്ടായിരുന്നു. ചെന്നൈയിൽ രണ്ടു വർഷം മുമ്പ് വാഹനങ്ങളുടെ സ്പെയർപാർട്സ് കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്ത കാലത്താണ് യുവാക്കൾ ശ്രീവിഷ്ണുവിന്റെ കൂട്ടുകാരായത്.
നാല് ദിവസം മുമ്പ് വിനോദ സഞ്ചാരത്തിന് വന്ന യുവാക്കൾ ഗോവയും ഇന്നലെ റാണിപുരവും സന്ദർശിച്ച് വൈകുന്നേരം മൂന്നോടെയാണ് ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തിയത്. മലബാർ എക്സ്പ്രസ് ട്രെയിനിൽ തിരിച്ചുപോകേണ്ടതായിരുന്നു.
വൈകുന്നേരം നാലോടെ നീന്താൻ ഇറങ്ങിയ നാലിൽ രണ്ടു പേർ ഒഴുക്കിൽപെട്ടു. ഒപ്പമുള്ളവർ രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായി. പൊലീസും അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.