കാസർകോട്ട് റോഡിന് ഗവാസ്കറുടെ പേര്; 'എന്‍റെ സ്വന്തം നാട്ടിൽ പോലും എവിടെയും പേര് കൊത്തിവെച്ചിട്ടില്ല, ഈ സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല'
text_fieldsവിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനിൽ ഗവാസ്കറുടെ പേര് നൽകിയതിന്‍റെ ഫലകം അദ്ദേഹം അനാശ്ചാദനം ചെയ്തപ്പോൾ
കാസര്‍കോട്: ക്രിക്കറ്റിനോടുള്ള കാസർകോടിന്റെ ആവേശം ഏറ്റുവാങ്ങാൻ ഇന്ത്യന്‍ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഗവാസ്‌കര്‍ എത്തി. കാസർകോട് നഗരസഭയുടെ ആതിഥേയത്വത്തിലാണ് ഗവാസ്കറിന് സ്വീകരണം നൽകിയത്. വിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്കറുടെ പേര് നൽകിയിരുന്നു. ഇതിന്‍റെ ഫലകം ഗവാസ്കർ അനാശ്ചാദനം ചെയ്തു.
ദുബൈയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ ഗവാസ്‌കറിനെ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി വര്‍ക്കിങ് കണ്‍വീനര്‍ ടി.എ. ഷാഫി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.എം. ബഷീര്‍, നഗരസഭ കൗണ്‍സിലര്‍ കെ.എം. ഹനീഫ് എന്നിവര്‍ ചേര്‍ന്ന് വരവേറ്റു. ദുബൈയില്‍ നിന്ന് ഗവാസ്‌കറെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, റഫീഖ് തളങ്കര എന്നിവര്‍ അനുഗമിച്ചു.
ദുബൈയില്‍ വ്യാഴാഴ്ച രാത്രി നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം വിലയിരുത്തിയതിന് ശേഷമാണ് ഗവാസ്‌കര്‍ മംഗളൂരുവിലേക്ക് പുറപ്പെട്ടത്. മംഗളൂരുവിലെ താജ് വിവാന്തയില്‍ തങ്ങിയ ഗവാസ്‌കര്‍ ഉച്ചയോടെ തന്റെ സുഹൃത്തും ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ ഖാദര്‍ തെരുവത്തിന്റെ കാസര്‍കോട് വിദ്യാനഗറിലെ വീട്ടിലെത്തി. ശേഷമാണ് വിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് തന്റെ പേര് ആലേഖനം ചെയ്ത ഫലകം അനാശ്ചാദനം ചെയ്തത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ഗവാസ്‌കറെ ചെട്ടുംകുഴിയിലെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ആനയിച്ചു.
തന്റെ സ്വന്തം നാട്ടിൽ പോലും പേര് എവിടെയും കൊത്തിവെച്ചില്ലിട്ടില്ലെന്നും കാസർകോട് ജനത എനിക്ക് നൽകുന്ന സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും ഗവാസ്കർ പറഞ്ഞു. മുംബൈയിലാണ് എന്‍റെ നാട്. ഞാൻ അവിടെയാണ് കളിച്ചുവളർന്നത്. എന്റെ ബന്ധങ്ങൾ അവിടെയാണ്. എന്നാൽ അവിടെ എവിടെയും ഒരു റോഡിനോ മറ്റ് സ്ഥാപനങ്ങൾക്കോ തന്റെ പേര് കൊത്തിവെച്ചിട്ടില്ല. എന്നാൽ ഇവിടെ കേരളത്തിലെ ഈ കാസർകോട് ജനത എനിക്ക് നൽകുന്ന സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നിങ്ങളുടെ സ്നേഹം അളക്കാൻ എനിക്ക് കഴിയില്ല -ഗവാസ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

